കോഴിക്കോട്
വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തെ തുടർന്ന് കോർപറേഷനിലെ വാർഡുകളുടെ എണ്ണം 76 ആയി ഉയർന്നു. നേരത്തെ 75 ആയിരുന്നു. മാവൂർ റോഡ് എന്ന പേരിലാണ് പുതിയ വാർഡ് രൂപീകരിച്ചത്. പഴയ തിരുത്തിയാട്, എരഞ്ഞിപ്പാലം വാർഡുകളിലെ സ്ഥലങ്ങളാണ് പുതിയ വാർഡിൽ ഉൾപ്പെട്ടത്. അതേസമയം നിലവിലെ രണ്ടുവാർഡുകളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 56ാം നമ്പർ കപ്പക്കൽ വാർഡ് ഇനി നദീനഗർ എന്നാണറിയപ്പെടുക. 31ാം നമ്പർ വാർഡായി മേത്തോട്ടുതാഴം മാറി. പൊറ്റമ്മൽ, കുറ്റിയിൽ താഴം വാർഡുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ടതാണ് ഈ പുതിയ പേരിലുള്ള വാർഡ്. 49ാം നമ്പർ മാറാട് വാർഡിന്റെ പേര് സാഗരസരണി എന്നായി മാറിയപ്പോൾ പഴയ 61ാം നമ്പർ വലിയങ്ങാടി വാർഡ് അപ്രത്യക്ഷമായി. ഈ വാർഡിലെ സ്ഥലങ്ങൾ കുറ്റിച്ചിറ, പാളയം, മൂന്നാലിങ്ങൽ എന്നീ മൂന്നുവാർഡുകളിലേക്കാണ് ചേർത്തിരിക്കുന്നത്. 76ൽ 38 സ്‌ത്രീ സംവരണവും അഞ്ച് പട്ടികജാതി സംവരണവുമാണ്.
ഡിലീമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലാണ് കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2011ലെ സെൻസസ് ജനസംഖ്യ, മുൻകൂട്ടി നിശ്ചയിച്ച വാർഡുകളുടെ എണ്ണം എന്നിവയാണ് വാർഡുകൾ പുതുക്കി നിശ്ചയിച്ചതിന് പ്രധാന മാനദണ്ഡം. കരട് മാപ്പ് പരിശോധിച്ച് പരാതികൾ രേഖാമൂലം ഡിസംബർ മൂന്നിനകം നൽകണം.
2010ലെ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നേയാണ് എലത്തൂർ, ബേപ്പൂർ, ചെറുവണ്ണൂർ, നല്ലളം പഞ്ചായത്തുകൾ കോർപറേഷനിൽ കൂട്ടിച്ചേർത്തത്. അതോടെ 20 ഡിവിഷനുകൾ കൂടി. അതിനുശേഷം ഇപ്പോഴാണ് ഒരു വാർഡ് കൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..