03 December Tuesday
വാർഡ്‌ വിഭജനം

കൂടുന്നത്‌ 141 വാർഡുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
കോഴിക്കോട്‌
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചായത്തുകളുടെയും കോർപറേഷൻ, മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട്‌ വിജ്ഞാപനം പുറത്തിറങ്ങി. ഇതനുസരിച്ച്‌ ജില്ലയിൽ 126 വാർഡുകൾ വർധിച്ചു. 70 പഞ്ചായത്തുകളിലായി 117 വാർഡുകളും കോഴിക്കോട്‌ കോർപറേഷനിൽ ഒന്നും ഏഴ്‌ മുനിസിപ്പാലിറ്റികളിൽ എട്ട്‌ വാർഡുകളുമാണ്‌ കൂടിയത്‌.  മൂന്നുഘട്ടങ്ങളിലായാണ്‌ വാർഡ്‌ പുനർ വിഭജന പ്രക്രിയ. അടുത്ത ഘട്ടത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകളും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്‌ വാർഡ്‌ പുനർ വിഭജനവും നടക്കും.  ഇത്‌ കൂടി പുറത്തിറങ്ങുന്നതോടെ  ജില്ലയിൽ വർധിക്കുന്ന വാർഡുകൾ 141 ആയി ഉയരും. ബ്ലോക്ക്‌  പഞ്ചായത്തുകളിൽ 14 വാർഡുകളും ജില്ലാ പഞ്ചായത്ത്‌ ഒരു ഡിവിഷനുമാണ്‌ വർധിക്കുക.  കോടഞ്ചേരി പഞ്ചായത്ത്‌  ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകൾ കൂടി.
പഞ്ചായത്തുകളിലെ 1343 വാർഡുകളിൽ 688 എണ്ണവും ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 183 ൽ 93ഉം സ്‌ത്രീ സംവരണമാണ്‌. പഞ്ചായത്തുകളിൽ ഒന്നുമുതൽ നാലുവരെയാണ്‌ വർധന. പെരുമണ്ണയിലാണ്‌ കൂടുതൽ. 18 വാർഡ്‌ 22 ആയി. ഓരോ പഞ്ചായത്തിലും 14 മുതൽ 24 വരെയാണ്‌ വാർഡുകളുള്ളത്‌. 10 പഞ്ചായത്തുകളിൽ 24 വാർഡുണ്ട്‌.
പട്ടികജാതിക്ക്‌ 106, പട്ടികവർഗത്തിന്‌ ആറ്‌ എന്നിങ്ങനെയാണ്‌ സംവരണം. പട്ടികജാതി സംവരണത്തിൽ 38 എണ്ണം സ്‌ത്രീകൾക്കാണ്‌. വളയം, നന്മണ്ട, വാണിമേൽ, കൂടരഞ്ഞി, കോട്ടൂർ, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ്‌ പട്ടികവർഗ വാർഡുകൾ. ഈ വിഭാഗത്തിൽ ജില്ലയിൽ സ്‌ത്രീസംവരണമില്ല. വളയത്ത്‌ നേരത്തെ ഉണ്ടായിരുന്ന വാർഡ്‌  മാറിയതോടെ പട്ടികജാതി സംവരണമില്ലാത്ത പഞ്ചായത്തുകളുടെ എണ്ണം രണ്ടായി (വളയം, വാണിമേൽ).  വടകര, കൊയിലാണ്ടി, പയ്യോളി, കൊടുവള്ളി, മുക്കം, രാമനാട്ടുകര, ഫറോക്ക്‌ എന്നിങ്ങനെ ഏഴ്‌ മുനിസിപ്പാലിറ്റികളാണുള്ളത്‌. കൊയിലാണ്ടിയിൽ രണ്ടും മറ്റിടങ്ങളിൽ ഒരു വാർഡുമാണ്‌ വർധിച്ചത്‌.
13 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി നേരത്തെ 169 വാർഡുകളുണ്ടായിരുന്നതിപ്പോൾ 183 ആവും. 22 വാർഡുകൾ പട്ടികജാതി സംവരണമാണ്‌ (അഞ്ചെണ്ണം സ്‌ത്രീകൾ).  ജനസംഖ്യാ വർധനയും  ഭൂമിശാസ്‌ത്രപരമായ അതിരുകൾ പരിഗണിച്ചുമാണ്‌ സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ വാർഡ്‌ വിഭജനം പൂർത്തിയാക്കിയത്‌. 
2010ലാണ്‌ അവസാനമായി വാർഡ്‌ വിഭജനം നടത്തിയത്‌. 2011ലെ സെൻസസ്‌ അനുസരിച്ച്‌ ജനസംഖ്യ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണിപ്പോഴത്തെ വിഭജനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top