22 November Friday
പരിഷത്ത്‌ വിദ്യാഭ്യാസ ജാഥ

ഇന്നും നാളെയും ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
കോഴിക്കോട്‌
തോൽപ്പിച്ചാൽ ഗുണനിലവാരം കൂടുമോ എന്ന മുദ്രാവാക്യമുയർത്തി  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ നടത്തുന്ന  വിദ്യാഭ്യാസ ജാഥ 20, 21 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന പ്രസിഡന്റ്‌ ടി കെ മീരാഭായ്  നയിക്കുന്ന ജാഥയ്‌ക്ക്‌  20 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.  രണ്ട് വാഹനങ്ങളിലായി ക്രമീകരിച്ച ജാഥ  ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ പരപ്പൻ പൊയിലിൽനിന്നും പൂനൂരിൽനിന്നും പര്യടനം ആരംഭിക്കും.  ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്‌ച വൈകിട്ട്‌ കൊയിലാണ്ടിയിലും രാമനാട്ടുകരയിലും സമാപിക്കും.   
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും എന്നതാണ് ജാഥ സർക്കാരിനുമുന്നിൽ വയ്‌ക്കുന്ന മുഖ്യമായ ആവശ്യമെന്ന്‌ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. മിനിമം മാർക്ക് എന്ന കടമ്പ വച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണം വർധിപ്പിക്കാൻ സർക്കാർ കൈക്കൊള്ളുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ കൂടിയുണ്ടാവണം. പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താൽപ്പര്യമനുസരിച്ചുള്ള തുടർ പഠനത്തിനോ തൊഴിലിനോ പ്രാപ്തരാവുകയും ചെയ്യുമ്പോഴാണ്  സ്കൂൾ വിദ്യാഭ്യാസ സംവിധാനം മികവുറ്റതാവുന്നത്. മികവിലേക്ക് കുതിക്കുന്ന പൊതുവിദ്യാഭ്യാസത്തെ കൂടുതൽ മിഴിവുള്ളതാക്കുവാൻ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്. 300  കേന്ദ്രങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  ലഘുലേഖകൾ പ്രചരിപ്പിച്ചുമാണ്‌  ജാഥ സംഘടിപ്പിക്കുന്നത്. ഡിസംബർ 10ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. ജാഥാസമാപനത്തോടനുബന്ധിച്ച് രണ്ടുലക്ഷം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ, വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ. കെ രമേശ്‌, ഇ ടി സുജാത, പി കെ സതീഷ്‌, ഹരീഷ്‌ ഹർഷ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top