21 December Saturday

ഇനി കലയുടെ രാപകലുകൾ...

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ഇതാ കലയുടെ തീപ്പൊരി .....റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പ്രധാന വേദിയായ മലബാർ ക്രിസ്റ്റൻ കോളേജ് എച്ച് എസ് എസ് സ്കൂൾ 
 ഗ്രൗണ്ടിലെ സ്റ്റേജിൽ ലൈറ്റ് ആൻഡ് സൗണ്ടസ് ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടത്തിയ കരിമരുന്നു പ്രയോഗം . സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

 കോഴിക്കോട്‌

സാഹിത്യനഗരിയിൽ സർഗവസന്തം തീർക്കുന്ന രാപകലുകളുമായി കൗമാര കലയ്‌ക്ക്‌ വർണാഭ തുടക്കം.  വാക്കിലും വരയിലും നിറങ്ങൾ ചാർത്തിയ  രചനാ മത്സരങ്ങളിലൂടെയാണ്‌ അഞ്ചുനാൾ നീണ്ട കലാമാമാങ്കത്തിന്‌ തുടക്കമായത്‌. സാഹിത്യനഗരം പദവി ലഭിച്ചശേഷം ആദ്യമായി നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളും കവിതകളും ചിത്രങ്ങളും വിരിഞ്ഞ ഉത്സവപ്പകലായി ആദ്യ ദിനം.  
നടക്കാവ്‌ ജിജിഎച്ച്‌എസ്‌എസിലെ 22 വേദികളിലായി 76 വിഭാഗങ്ങളിലായിരുന്ന മത്സരങ്ങൾ. യുപി, ഹൈസ്‌കൂൾ, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി ചിത്രരചന പെൻസിൽ, ജലച്ചായം, ഓയിൽ കളർ, കാർട്ടൂൺ, മലയാളം കഥാരചന, കവിതാരചന, ഉപന്യാസം, ഉറുദു ക്വിസ്, സംസ്‌കൃതോത്സവം, അറബിക് കലോത്സവം തുടങ്ങിയ ഇനങ്ങളിലാണ്‌ മത്സരങ്ങൾ നടന്നത്‌. 
ചൊവ്വ വൈകിട്ടോടെ രചനാ മത്സരങ്ങൾ പൂർത്തിയായി. ബുധനാഴ്‌ചയോടെ മുഴുവൻ ഫലങ്ങളും പ്രഖ്യാപിച്ചേക്കും. വിവിധ ഉപജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട എണ്ണായിരത്തോളം കുട്ടികളാണ്‌ സ്‌റ്റേജ്‌–-സ്‌റ്റേജിതര മത്സരങ്ങളിൽ മാറ്റുരയ്‌ക്കുന്നത്‌.  ശനിയാണ്‌ സമാപനം.  
ഇന്ന്‌ വേദി ഉണരും 
താളമേളച്ചുവടുകളുമായി ബുധനാഴ്‌ച കലോത്സവ വേദികൾ ഉണരും. നഗരത്തിലെ 20 വേദികളിലായാണ്‌ സ്‌റ്റേജ്‌ മത്സരങ്ങൾ നടക്കുക. മലബാർ ക്രിസ്‌ത്യൻ കോളേജ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പകൽ 10.30ന്‌ എഴുത്തുകാരൻ ബെന്യാമിൻ ഉദ്‌ഘാടനംചെയ്യും. മേയർ ബീന ഫിലിപ്പ്‌ അധ്യക്ഷയാവും.
തിരുവാതിരകളി, നാടകം, കേരളനടനം, കുച്ചിപ്പുടി, സംഘനൃത്തം, ഗാനാലാപനം, ഗിറ്റാർ, വട്ടപ്പാട്ട്‌, മോണോആക്ട്‌, ലളിതഗാനം, ചെണ്ടമേളം തുടങ്ങിയ ഇനങ്ങളാണ്‌ ബുധനാഴ്‌ച നടക്കുക.  സംസ്‌കൃതോത്സവവും അറബിക്‌ കലോത്സവവും അനുബന്ധമായുണ്ട്‌. 
അഞ്ച്‌ പുതിയ 
നൃത്ത ഇനങ്ങളും
ഗോത്രകലകൾ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ഇത്തവണ കലോത്സവത്തിൽ അഞ്ച്‌ നൃത്തഇനങ്ങളുമുണ്ടാകും. മലപുലയ ആട്ടം, പണിയ നൃത്തം, മംഗലം കളി, ഇരുള നൃത്തം, പാലിയ നൃത്തം എന്നിവയാണ്‌ ഇത്തവണത്തെ വേറിട്ട നൃത്തവിരുന്ന്‌. സമാപന ദിവസമായ ശനി, ബിഎംഎച്ച്‌എസ്‌എസ്‌ ഗ്രൗണ്ടിലെ വേദിയിലാണ്‌ രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ നാലുവരെ ഈ ഇനങ്ങളിൽ മത്സരങ്ങൾ നടക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top