ഫറോക്ക്
ബിജെപി ഭരണത്തിൽ രാജ്യത്തെ സ്ത്രീകൾക്കും സാധാരണക്കാർക്കും രക്ഷയില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷൻ സ്ഥാപക നേതാവ് സുശീല ഗോപാലൻ അനുസ്മരണ ദിനത്തിൽ ബേപ്പൂർ സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
കുത്തക മുതലാളിമാർക്ക് ധനസമ്പാദനത്തിനുമാത്രമുള്ളതാണ് കേന്ദ്രഭരണം. രാജ്യത്തെ പൊതുമേഖലയെ തകർത്ത് സ്വകാര്യ കുത്തകകളെ വളർത്തി നാടിന്റെ സമ്പത്ത് മുഴുവൻ അവരുടെ കൈകളിലെത്തിക്കുകയാണ്. പട്ടിണി സൂചികയിൽ നമ്മുടെ രാജ്യം പാകിസ്ഥാനും അഫ്ഗാനും നേപ്പാളിനും പിന്നിലായി. ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇതിന് നേർ വിപരീതമാണ് കേരളം . ദാരിദ്ര്യ നിർമാർജനം, വനിത–-ശിശു സംരക്ഷണം എന്നിവയിൽ നാം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാണ്–- അവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ അധ്യക്ഷയായി. സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന സമിതി അംഗം പി ഉഷാദേവി, പി പി ഷീജ, മീരാ ദർശക്, കെ തങ്കമണി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ യു സുധർമ സ്വാഗതവും ഫറോക്ക് ഏരിയാ സെക്രട്ടറി സിന്ധു പ്രദീപ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..