കോഴിക്കോട്
ജില്ലയിൽ കാലവർഷം ശക്തമായതോടെ 11.23 കോടി രൂപയുടെ കൃഷി നഷ്ടം. ജൂൺ ആറുമുതൽ ജൂലൈ 17 വരെയുള്ള കണക്കാണിത്. 3415 കർഷകരുടെ 146.88 ഹെക്ടറിലെ വിവിധ കൃഷികളാണ് നശിച്ചത്. ഏറ്റവും കൂടുതൽ വാഴകൃഷിയെയാണ് ബാധിച്ചത്. 1,48,292 കുലച്ച വാഴകളും 21,915 കുലയ്‌ക്കാത്ത വാഴകളും മഴയിൽ നിലംപൊത്തി. 84.3 ഹെക്ടറിലെ വാഴകൾ പൂർണമായും ഒടിഞ്ഞുകുത്തി.
നെല്ല്, തെങ്ങ്, കപ്പ, റബ്ബർ, അടയ്ക്ക, കൊക്കോ, കുരുമുളക്, പച്ചക്കറികൾ, മാമ്പഴം എന്നിവയും നശിച്ചു. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്‌തവരുടെ വിളകൾ നശിച്ചിട്ടുണ്ട്. വടകര, കൊടുവള്ളി, കുന്നമംഗലം, ചാത്തമംഗലം, മാവൂർ, ബാലുശേരി, നന്മണ്ട തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും കൃഷിനാശമുണ്ടായത്.
13.7 ഹെക്ടർ നെൽകൃഷി വെള്ളക്കെട്ടിലായി. 60 ഓളം കർഷകരും കൂട്ടായ്മകളും നെല്ലിറക്കിയ പാടത്താണ് വെള്ളം കയറിയത്. കപ്പ വിളവെടുക്കുന്ന സമയത്താണ് മഴ കനത്തത്. 0.60 ഹെക്ടറിലെ കപ്പ കൃഷിയെ മഴ ബാധിച്ചു. രണ്ട് ഹെക്ടറിൽ മാമ്പഴകൃഷിയും 0.80 ഏക്കറിലെ പച്ചക്കറിയും നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. കായ് ഫലമുള്ളതടക്കം 1600 തെങ്ങുകളും 1445 കമുകുകളും വീണു. കുന്നമംഗലം, ബാലുശേരി, കുന്നുമ്മൽ, പേരാമ്പ്ര ബ്ലോക്കുകളിലാണ് കൂടുതൽ നഷ്ടമുണ്ടായത്.
കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഐഎംഎസ്) സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. കൃഷിഭവൻ, എഡിഒ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി വകുപ്പ് ഡയറക്ടർ എന്നിവർ പരിശോധിച്ച് നഷ്ടപരിഹാരം ഉറപ്പാക്കും. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. നിരവധി അപേക്ഷകള്‍ ലഭിച്ചുവെന്നും ഇവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..