22 December Sunday

ദേശീയപാത വെങ്ങളം–രാമനാട്ടുകര റീച്ചിൽ 9 പാലങ്ങൾ ഉടൻ

സ്വന്തം ലേഖികUpdated: Sunday Jul 21, 2024
കോഴിക്കോട്‌
ദേശീയപാത വെങ്ങളം–-രാമനാട്ടുകര റീച്ചിലെ മുഴുവൻ പാലങ്ങളും മേൽപ്പാലങ്ങളും അഞ്ചുമാസത്തിനകം തുറന്നുകൊടുക്കും. ടാറിങ്‌ ഒഴികെയുള്ള പ്രവൃത്തികൾ പൂർത്തിയായ പന്തീരാങ്കാവ്‌ മേൽപ്പാലം മഴയില്ലെങ്കിൽ ഒരാഴ്‌ചയ്‌ക്കുശേഷം തുറക്കും. മഴയിൽ ടാറിങ്‌ തടസ്സപ്പെടുന്നതാണ്‌ മൂന്നുവരി മേൽപ്പാലം തുറക്കുന്നത്‌ വൈകാൻ ഇടയാക്കുന്നത്‌. 
അഴിഞ്ഞിലം, തൊണ്ടയാട്‌, രാമനാട്ടുകര മേൽപ്പാലങ്ങൾ ഇതിനകം ഗതാഗതത്തിന്‌ തുറന്നുകൊടുത്തിട്ടുണ്ട്‌. വെങ്ങളം, പൂളാടിക്കുന്ന്‌ മേൽപ്പാലങ്ങളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 70 ശതമാനം നിർമാണം പൂർത്തിയായ ഇവ സെപ്‌തംബറിൽ തുറന്നുകൊടുത്തേക്കും. മണ്ണ്‌ ലഭ്യമാകുന്നതിലെ പ്രതിസന്ധിയാണിപ്പോൾ തടസ്സമാകുന്നത്‌. 
വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ്‌ നിർമാണം 60 ശതമാനം കഴിഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌ നിർമാണത്തിന്‌ തടസ്സം. വേങ്ങേരിയിൽ കോഴിക്കോട്‌–-ബാലുശേരി റോഡ്‌ തുറന്ന ശേഷമേ മലാപ്പറമ്പ്‌ വെഹിക്കിൾ ഓവർപാസ്‌ നിർമാണം ആരംഭിക്കാനാവൂ. 
കോരപ്പുഴ, പുറക്കാട്ടിരി, അറപ്പുഴ, മാമ്പുഴ എന്നിങ്ങനെ നാല്‌ പാലങ്ങളാണ്‌ ഈ റീച്ചിൽ വരുന്നത്‌. ഇതിൽ മാമ്പുഴ പാലം നിർമാണം പൂർത്തിയായി. പുറക്കാട്ടിരി പകുതിയായി.  അറപ്പുഴ, കോരപ്പുഴ പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്‌. അഴിയൂർ–- വെങ്ങളം റീച്ചിലെ പ്രവൃത്തി അടുത്ത മേയിൽ പൂർത്തിയാക്കും.  
ജില്ലയിൽ 71.3 കിലോമീറ്റർ ദൂരത്തിലാണ്‌ ദേശീയപാത കടന്നുപോകുന്നത്‌. അഴിയൂർ – വെങ്ങളം റീച്ചിൽ വടകരയിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ ഫൗണ്ടേഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്‌. മഴ മാറുന്നതോടെ നിർമാണത്തിന്‌ വേഗം കൂടും. സംസ്ഥാന സർക്കാർ "മിഷൻ 2025' പദ്ധതി രൂപീകരിച്ചതോടെയാണ് പ്രവൃത്തികൾ ദ്രുതഗതിയിലായത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top