22 December Sunday
നിരവധി വീടുകളിൽ വെള്ളം കയറി

കടലുണ്ടിയിലും ബേപ്പൂരിലും കടലേറ്റം ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ബേപ്പൂർ ഗോതീശ്വരത്ത് കടലേറ്റത്തിൽ തകർച്ചാഭീഷണി നേരിടുന്ന വീടുകൾ

കടലുണ്ടി
ബേപ്പൂരിലെയും കടലുണ്ടിയിലെയും കടലോരമേഖലകളെ ദുരിതത്തിലാക്കി കടലേറ്റം രൂക്ഷം. കടലുണ്ടി പഞ്ചായത്തിലെ കടലുണ്ടിക്കടവ് മുതൽ ചാലിയം വരെയും ബേപ്പൂർ ഗോതീശ്വരത്തുമാണ് കടൽ ഇരച്ചുകയറി വ്യാപകനാശം വിതച്ചത്. നൂറിലേറെ വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. തീരദേശ റോഡും പരിസരവും കടൽവെള്ളത്തിൽ മുങ്ങി.
ശനി രാവിലെയാണ് വൻതിരമാലകൾ വീടുകൾക്കു മുകളിലൂടെ വീശിയടിക്കാൻ തുടങ്ങിയത്‌. കടലുണ്ടി വാക്കടവ്, വലിയാൽ, കപ്പലങ്ങാടി, ബൈത്താനി നഗർ, കടുക്ക ബസാർ, ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് കൂടുതൽ വീടുകളെ ബാധിച്ചത്‌. ഏതാനും പേർ താൽക്കാലികമായി വീടൊഴിഞ്ഞ്‌ അയൽവീടുകളിലും ബന്ധുവീടുകളിലും അഭയം തേടി.
കടൽഭിത്തി കടന്ന്‌ ഇരച്ചെത്തിയ തിരമാലകൾ തീരദേശ റോഡും കടന്നു ഒഴുകിയതോടെ കടലോരമാകെ വെള്ളത്തിലായി. നിരവധി വീടുകളും റോഡും തകർച്ചാഭീഷണിയിലാണ്‌.  
കോഴിക്കോട് കോർപറേഷനിലുൾപ്പെടുന്ന ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിന് തെക്കുഭാഗത്തും വീടുകളിൽ വെള്ളംകയറി. രാവിലെ 10.30 ഓടെയാണ് ഇവിടെ കടലേറ്റം ശക്തമായത്. കടലേറ്റമുണ്ടായ പ്രദേശങ്ങൾ ജനപ്രതിനിധികളും റവന്യു, പൊലീസ് അധികൃതരും സന്ദർശിച്ചു.
ഗോതീശ്വരത്ത് ശക്തമായ തിരയടിയിൽ ചില വീടുകളുടെ ശുചിമുറികൾ ഭാഗികമായി തകർന്നു. കടൽഭിത്തിക്കുമുകളിലൂടെ തിരയടിച്ചതിനാൽ  റോഡ് തകർച്ചാഭീഷണിയിലാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top