08 September Sunday
തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കി

സ്ഥാപനത്തിന്‌ പിഴ; 
താൽക്കാലികമായി അടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കാതിയോട് മുണ്ടുപാറ തോട്ടിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് രൂപപ്പെട്ട പത

മുക്കം 
നഗരസഭയിലെ കാതിയോട് മുണ്ടുപാറ തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് പ്രവര്‍ത്തിക്കുന്ന വണ്ടര്‍ സ്റ്റോണ്‍ മാര്‍ക്കറ്റിങ്‌ എന്ന സ്ഥാപനത്തിന്റെ പെയിന്റ്‌ ഗോഡൗണില്‍നിന്നാണ് കഴിഞ്ഞദിവസം രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനും നഗരസഭ ഉത്തരവിട്ടിട്ടുണ്ട്. 
തോട്ടിലെ വെള്ളം കാണാത്ത തരത്തില്‍ മിക്കഭാഗങ്ങളിലും വെളുത്ത പത ഉയര്‍ന്നുവന്നതായും രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. തോടിന് സമീപത്ത്‌ നിരവധി കിണറുകളും കുടിവെള്ള സ്രോതസ്സുകളുമുണ്ട്. രാസമാലിന്യം ഒഴുക്കിവിട്ടതോടെ ഇവ മലിനപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയതും സ്ഥാപന ഉടമയ്ക്ക് പിഴ ചുമത്തിയതും. 
പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി അയച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ പി ടി ബാബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് തോട്ടിൽ രാസമാലിന്യം ഒഴുക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top