സ്വന്തം ലേഖകൻ
കോഴിക്കോട്
ഇ എം എസിന്റെ നേതൃത്വത്തിൽ ജനകീയ സർക്കാർ 1957ൽ അധികാരമേറ്റശേഷം ജനങ്ങളെ അഭിസംബോധനചെയ്യുന്നത് കേൾക്കാൻ ആളുകൾ തടിച്ചുകൂടിയത് ഈ റേഡിയോക്ക് മുന്നിലായിരുന്നു. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം കേട്ടപ്പോൾ നടുങ്ങിയതും ഈ റേഡിയോക്ക് മുന്നിലാണ്. ഒരു കാലത്തിന്റെ ചരിത്രവും വർത്തമാനവും ജനങ്ങൾക്ക് പകർന്ന് നൽകിയ റോഡിയോകൾ കണ്ട പുതുതലമുറ ശരിക്കും അത്ഭുതപ്പെട്ടു.
അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന ആകാശവാണി നിലയം കോഴിക്കോടിന് നഷ്ടമാകുമോ എന്ന ആശങ്കയാണ് വേറിട്ട പ്രതിഷേധമൊരുക്കാൻ ആകാശവാണിയെ ഹൃദയത്തിലേറ്റുന്ന ഒരുപറ്റം സർഗമനസ്സുകളുടെ കൂട്ടായ്‌മയെ പ്രേരിപ്പിച്ചത്.
ആകാശവാണി ലിസണേഴ്‌സ് ആൻഡ് ആർട്ടിസ്‌റ്റ്‌സ് അസോസിയേഷൻ ഗുജറാത്തി സ്‌ട്രീറ്റിലെ ഗുദാം ആർട് ഗ്യാലറിയിലാണ് അത്യപൂർവ റേഡിയോകളുടെ പ്രദർശനവും ആകാശവാണി ആർട്ടിസ്റ്റുമാരുടെയും നാടക-–- നാടൻപാട്ട് -–- ഗസൽ കലാകാരന്മാരുടെയും സംഗമവും ഒരുക്കിയത്.
വാൾവ് റേഡിയോ, മർഫി, മരത്തിന്റെ ചട്ടങ്ങൾ ഘടിപ്പിച്ച റേഡിയോ, ത്രീ ഇൻ വൺ, ടേപ്പ് റെക്കോർഡർ, റെക്കോർഡ് പ്ലെയർ, ഫിലിപ്‌സ്, നാഷണൽ, പാനസോണിക് തുടങ്ങിയ കമ്പനികൾ വിവിധ കാലങ്ങളിൽ പുറത്തിറക്കിയതടക്കം 36 റേഡിയോകളാണ് പ്രദർശനത്തിനുള്ളത്. മെർക്കുറി ബൾബുകൾ ചൂടുപിടിച്ച് ശബ്ദം ശ്രവിപ്പിക്കുന്നതാണ് വാൾവ് റേഡിയോ. കലിക്കറ്റ് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെയും ഗുദാം ആർട് ഗ്യാലറി ഉടമ ബഷീർ ബഡേക്കണ്ടിയുടെയും റോഡിയോകളാണ് പ്രദർശനത്തിലുള്ളത്.
മുൻ സീനിയർ അനൗൺസർ ആർ കനകാംബരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ റേഡിയോ സന്ദേശം അവതരിപ്പിച്ചു. പഴയകാല റേഡിയോ ഡീലർമാരായ റേഡിയോ വേൾഡ് അബൂബക്കർ, വോയ്സ് ഓഫ് കേരള സലിം, റേഡിയോ ശേഖരങ്ങളുടെ ഉടമ റേഡിയോ കോയ, ബഷീർ ബഡയക്കണ്ടി എന്നിവരെ ആദരിച്ചു. സമാപന സമ്മേളനം ആകാശവാണി മുൻ അസി. സ്റ്റേഷൻ ഡയരക്ടർ ടി വി അശ്വതി ഉദ്ഘാടനംചെയ്തു. സീരിയൽ താരം നിഷാ മാത്യു, ഡോ. കെ കുഞ്ഞാലി, ടി പി എം ഹാഷിർ അലി, ആർ ജയന്ത് കുമാർ, പ്രകാശ് കരുമല, വിജയൻ ആലപ്രത്ത്, കെ കെ ചന്ദ്രഹാസൻ, അൻഷാദ് ഗുരുവായൂർ, ശ്രീവല്ലി ഗണേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..