22 December Sunday
വെഹിക്കിൾ ഓവർ പാസ്‌ നിർമാണം

മലാപ്പറമ്പ്‌ ജങ്‌ഷനിൽ ഗതാഗത ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
കോഴിക്കോട്‌
വെങ്ങളം–-രാമനാട്ടുകര ദേശീയപാത ആറുവരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ്‌ ജങ്‌ഷനിൽ വെഹിക്കിൾ ഓവർപാസ്‌ നിർമിക്കാൻ രണ്ടാഴ്‌ചക്കം ഗതാഗത ക്രമീകരണം നടപ്പാക്കും. കോഴിക്കോട്‌–-വയനാട്‌ റോഡിൽ 40 മീറ്റർ നീളത്തിലാണ്‌ ഓവർ പാസ്‌ നിർമിക്കുന്നത്‌. 
ആറുവരി പാതയുടെ വീതിയായ 27 മീറ്റർ വീതി ഓവർ പാസിനുണ്ടാവും. ഈ ഓവർ പാസിന്റെ 22 അടി താഴ്‌ചയിലൂടെ വെങ്ങളം–-രാമനാട്ടുകര ബൈപാസ്‌ കടന്നുപോവും. 
വേണ്ടത്ര സ്ഥലസൗകര്യമുള്ളതിനാൽ വാഹനങ്ങൾ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി തിരിച്ചുവിടുന്ന രീതിയിലാണ്‌ ക്രമീകരണമേർപ്പെടുത്തിയത്‌. നിർമാണം നടക്കുന്ന സ്ഥലം മാത്രം അടച്ചിട്ട്‌ ബാക്കിസ്ഥലം ഗതാഗതത്തിനായി വിനിയോഗിക്കും. 
കണ്ണൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ
വയനാട്‌ ഭാഗത്തേക്ക്‌ പോകാൻ ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ്‌ റോഡിലൂടെ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി വയനാട്‌ റോഡിലേക്ക്‌ പ്രവേശിക്കാം.
തൃശൂർ ഭാഗത്തേക്ക്‌ പോകാൻ പടിഞ്ഞാറുഭാഗത്തെ സർവീസ്‌ റോഡിലൂടെ മലാപ്പറമ്പ്‌ ജങ്‌ഷനിൽനിന്ന്‌ വയനാട്‌ റോഡിലേക്ക്‌ പ്രവേശിച്ച്‌ തിരികെ രാമനാട്ടുകര ഭാഗത്തേക്ക്‌ ബൈപാസിലേക്ക്‌ കയറാം. 
കോഴിക്കോട്‌ നഗരത്തിലേക്ക്‌ പോകാൻ സർവീസ്‌ റോഡിലൂടെ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി വയനാട്‌ റോഡിലേക്ക്‌ കയറി ബിഷപ്‌സ്‌ ഹൗസിനുമുന്നിൽവച്ച്‌ യു ടേൺ തിരിഞ്ഞ്‌ നഗരത്തിലേക്ക്‌ പോകാം. 
തൃശൂർ പാലക്കാട്‌ 
ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ
കണ്ണൂർ ഭാഗത്തേക്ക്‌ പോകാൻ ബൈപാസിലൂടെ വന്ന്‌ മലാപ്പറമ്പ്‌ ജങ്‌ഷനടുത്തുനിന്ന്‌ കോഴിക്കോട്‌ റോഡിലേക്ക്‌ കയറി യു ടേൺ എടുത്ത്‌ ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ്‌ റോഡിലേക്ക്‌ കയറണം. 
വയനാട്‌ ഭാഗത്തേക്ക്‌ പോകാൻ പനാത്തുത്താഴം ജങ്‌ഷനിൽനിന്ന്‌ ചേവരമ്പലം, ഇരിങ്ങാടൻ പള്ളി റോഡ്‌, കോവൂർ–-വെള്ളിമാടുകുന്ന്‌ റോഡ്‌ വഴി വയനാട്‌ റോഡിലേക്ക്‌ പ്രവേശിക്കണം.
കോഴിക്കോട്‌ നഗരത്തിലേക്ക്‌ പോകാൻ ബൈപാസിലൂടെ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി പതിവുപോലെ നഗരത്തിലേക്ക്‌ കടക്കാം. 
വയനാട്‌ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ 
കണ്ണൂർ ഭാഗത്തേക്ക്‌ പോകാൻ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ്‌ റോഡിലേക്ക്‌ കടന്നുപോകാം. 
രാമനാട്ടുകര ഭാഗത്തേക്ക്‌ പോകാൻ വലിയ വാഹനങ്ങൾ കാരന്തൂർ ജങ്‌ഷനിൽ ഇടത്തോട്ടുതിരിഞ്ഞ്‌ മുണ്ടിക്കൽത്താഴം, ചേവരമ്പലം മിനി ബൈപാസ്‌ വഴി ദേശീയ പാതയിലേക്ക്‌ കടക്കാം. ചെറിയ വാഹനങ്ങൾ പൂളക്കടവ്‌ ജങ്‌ഷനിൽനിന്ന്‌ കോവൂർ–-വെള്ളിമാടുകുന്ന്‌ റോഡിലൂടെ ഇരിങ്ങാടൻ പള്ളി–-ചേവരമ്പലം, പനാത്തുത്താഴം വഴി ബൈപാസിലേക്ക്‌ കടക്കാം. ചെറിയ വാഹനങ്ങൾക്ക്‌ മറ്റൊരുവഴിയായി മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞ്‌ സർവീസ്‌ റോഡ്‌ വഴി പാച്ചാക്കിലൂടെയും ദേശീയ പാതയിലേക്ക്‌ കയറാം.
കോഴിക്കോട്‌ നഗരത്തിലേക്ക്‌ പോകാൻ മലാപ്പറമ്പ്‌ ജങ്‌ഷനിലെത്തി ഇടത്തോട്ടുതിരിയണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top