കോഴിക്കോട്
ശാസ്ത്രലോകത്തിന്റെ അനന്തസാധ്യതകളെ അടുത്തറിഞ്ഞ് കുരുന്നുകൾ. "ഡിജിറ്റൽ ലോകവും ഭാവിജീവിതവും' വിഷയത്തിലൂന്നി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര പാർലമെന്റാണ് കുട്ടികൾക്ക് കൗതുകവും അറിവും പകർന്നത്. കോസ്റ്റ്യൂം ഡിസൈനർ ആകണമെന്നാണ് നടക്കാവ് ജിഎച്ച്എസ്എസിലെ ശ്രദ്ധയുടെ ആഗ്രഹം. തന്റെ ആഗ്രഹം എഐയുടെ കാലത്ത് നടക്കാതെ പോകുമോ എന്നതായിരുന്നു ശ്രദ്ധയ്ക്ക് അറിയേണ്ടത്. മനുഷ്യന്റെ സര്‍ഗവാസനെയെ വെല്ലാന്‍ എഐക്ക് സാധിക്കില്ല. അഭിരുചിക്കനുസരിച്ചുള്ള അവസരങ്ങള്‍ എഐയിലുമുണ്ടാകും. സംസ്ഥാനത്ത് വ്യത്യസ്തമായ നൂറിലധികം പുതുമയുള്ള ജോലിക്ക് എഐയില്‍ സാധ്യതയുണ്ടെന്ന് എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് പറഞ്ഞപ്പോൾ ശ്രദ്ധയുടെ മുഖത്ത് ആശങ്ക മാറി ചിരി വിടർന്നു.
മനുഷ്യനെക്കാൾ അപകടമാണോ എഐ എന്നതായിരുന്നു പറയഞ്ചേരി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ സംശയം. എഐ അപകടകരമാണെന്നും എന്നാൽ അറിവുള്ള മനുഷ്യനെ തോൽപ്പിക്കാൻ അത്ര എളുപ്പമല്ലെന്നും ശാസ്ത്രലേഖകൻ ഡോ. ജീവൻ ജോബ് തോമസ് പറഞ്ഞു. നിർമിതബുദ്ധി പലപ്പോഴും മനുഷ്യന് പകരമാണ് എന്നതിൽ സംശയമില്ല. ആ സാമൂഹ്യാവസ്ഥ മാറ്റിയെടുക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനുള്ള ആയുധമാണ് വിജ്ഞാനം. അത് കൃത്യമായി പ്രയോഗിച്ചാൽ നവലോകത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നവലോകത്തിൽ വിദ്യാഭ്യാസ രീതിക്ക് മാറ്റം ആവശ്യമാണോയെന്ന് കുട്ടികള്‍ ഒന്നടങ്കം ചോദിച്ചു. കുട്ടികൾക്ക് പങ്കാളിത്തമുള്ള, ചിന്തിക്കാൻ കൂടുതൽ ഇടമൊരുക്കുന്ന സമ്പ്രദായത്തിലേക്ക് വിദ്യാഭ്യാസം മാറണമെന്ന് ശാസ്ത്രകാരൻ കെ പാപ്പുട്ടി മറുപടി നൽകി. എഐ തൊഴിലവസരങ്ങൾ കുറയ്ക്കുമോ, ഡിജിറ്റൽ കാലത്ത് വിദ്യാഭ്യാസ രീതി മാറണോ തുടങ്ങി കുഞ്ഞുമനസ്സിലെ സംശയങ്ങൾക്ക് ഓരോന്നും വിദഗ്ധർ പരിഹാരം നൽകി. പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം വേദിയിൽ സർട്ടിഫിക്കറ്റ് വിതരണംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..