21 October Monday

അക്ഷരമുറ്റത്ത്‌ അറിവാനന്ദം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരങ്ങളോടനുബന്ധിച്ചുള്ള സയൻസ് പാർലമെന്റ് പ്രൊഫ. കെ പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്
ആർ പ്ര​ഗ്നാനന്ദ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയത് ഏത് കളിയിലൂടെയാണ്... ? ശരവേ​ഗത്തിൽ കുട്ടികൾ ഉത്തരമെഴുതി. എല്ലാവരുടെയും മുഖത്ത്‌ ശരിയുത്തരം എഴുതിയതിന്റെ ആത്മവിശ്വാസം. ക്വിസ് മാസ്റ്റർ കുട്ടികൾക്കിടയിലേക്ക് ഇറങ്ങി; ഉത്തരം പറയാൻ കൂട്ടത്തിലൊരാൾക്ക് അനുവാദം കൊടുത്തപ്പോൾ ക്ലാസ് ഒന്നാകെ വിളിച്ചുപറഞ്ഞു–-‘ ചെസ്‌’. എല്ലാവരും ശരിയുത്തരമെഴുതി മിടുക്കരായി. ‘മാഷെ ഇത്രയും ഈസി ചോദ്യം ചോദിച്ച് ഞങ്ങളെ കൊച്ചാക്കല്ലെ’ എന്നൊരു കമന്റും അവർ പാസാക്കി.   
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ ജില്ലാ മത്സരത്തിൽ ആവേശം വാനോളമുയർന്നു. താളത്തിൽ കൈയടിക്കാൻ പഠിപ്പിച്ചാണ് എൽപി വിഭാ​ഗത്തിന്റെ മത്സരം ആരംഭിച്ചത്. ക്വിസ് മാസ്റ്ററെക്കാൾ കൂടുതൽ ചോ​ദ്യം സംശയങ്ങളായി കുരുന്നുകൾ തിരിച്ചുചോദിച്ച് മത്സരം കരുത്തുറ്റതാക്കി. പാഠപുസ്തകങ്ങളിലൊതുങ്ങാതെ, പരന്ന വായനയുടെയും നിരീക്ഷണങ്ങളുടെയും തോത് അളക്കുന്നതായിരുന്നു ചോദ്യങ്ങൾ. 
ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ പേരിന്റെ പൂർണരൂപം ചോദിച്ചപ്പോൾ ഏലംകുളം മനയ്‌ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന് എല്ലാവരും വ്യക്തമായി പറഞ്ഞു. അദ്ദേഹം ആരായിരുന്നുവെന്ന് ആരാഞ്ഞപ്പോൾ, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെന്ന മറുപടി ഞൊടിയിടയിൽ വന്നു. എന്നാൽ  ചോദ്യം, ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ സർക്കാർ അധികാരത്തിലേറിയ വർഷം ഏതെന്നായിരുന്നു. 1957 ഏപ്രിൽ 5, വർഷവും മാസവും തീയതിയും ഉത്തരക്കടലാസിൽ എഴുതി മാർക്കിനായി കുട്ടികൾ കാത്തിരുന്നു. ചോദ്യം കട്ടിയായിരുന്നെങ്കിലും ചരിത്രപ്രധാന സംഭവവും ദിവസവുമായതിനാൽ തങ്ങൾ ഓർത്തുവച്ചിരുന്നതായി കുട്ടികൾ പറഞ്ഞു.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാ​ഗം മത്സരങ്ങളിൽ എളുപ്പവും കട്ടിയുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ശാസ്ത്രവും സിനിമയും കവിതയും യുദ്ധവും വിഷയങ്ങളായി. ജേതാക്കളെ കണ്ടെത്താൻ ടൈബ്രേക്കറുകളിലേക്ക് വരെ മത്സരം നീങ്ങി. പി കെ ഫൈസൽ, എൻ കെ സുഭാഷ്, കെ പ്രബീഷ് കുമാർ, എ എസ് ഹരീന്ദ്രനാഥ് എന്നിവർ ക്വിസ് മാസ്റ്റർമാരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top