കുറ്റ്യാടി
കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരി വടയക്കണ്ടി നഗർ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ മുൻതൂക്കം നൽകുമെന്ന് കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ അറിയിച്ചു. ഇതിനായി എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കും. എംഎൽഎയുടെ നേതൃത്വത്തിൽ നഗർ സന്ദർശിച്ചശേഷം പ്രദേശത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൺപാത്ര തൊഴിലാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് വടയക്കണ്ടി നഗറിൽ താമസിക്കുന്നത്. അനുവദിക്കപ്പെടുന്ന തുക പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനാണ് ഉപയോഗിക്കുക. മൺപാത്ര നിർമാണത്തിന് ഗ്രൂപ്പുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് 2.5 ലക്ഷം രൂപ അനുവദിക്കും. നഗറിലെ 11 കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകാനും കുന്നുമ്മൽ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്‌ഷൻ നൽകിയിട്ടുണ്ട്. ഇതുകൂടാതെ പഞ്ചായത്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതി വഴിയും ഉടനെ വെള്ളം ലഭ്യമാക്കും. ഈ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്‌ഷൻ ഒഴികെയുള്ള പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്.
പൊതുവഴിയുടെ നിർമാണത്തിനായി പ്രദേശവാസികൾ സ്ഥലം വിട്ടുനൽകേണ്ട കാര്യവും പിന്നാക്ക വിഭാഗ ക്ഷേമവകുപ്പിൽനിന്ന് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ചർച്ചചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..