ഫറോക്ക്
കടലുണ്ടി കമ്യൂണിറ്റി റിസർവിൽ ഇക്കോ ടൂറിസം കേന്ദ്രവും പക്ഷിസങ്കേതവുമുൾപ്പെടുന്ന മേഖലയിൽ വിനോദ സഞ്ചാര വകുപ്പ് 1.10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാടനം ശനി വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പക്ഷിസങ്കേതത്തോട് ചേർന്ന് "നാച്വർ വോക്ക് വേ’ (പ്രകൃതി സഞ്ചാര പാത ) യാണ് വികസന പദ്ധതികളിൽ പ്രധാനം. കമ്യൂണിറ്റി റിസർവ് ഓഫീസിന് മുൻവശത്ത് നിന്നാരംഭിക്കുന്നതാണ് പാത. ഒന്നാം ഘട്ടത്തിൽ 200 മീറ്റർ നീളത്തിൽ പുഴയോരത്ത് സംരക്ഷണഭിത്തി കെട്ടി ഇന്റർലോക്ക് ചെയ്താണ് നിർമാണം.
ഭാവിയിൽ കടലുണ്ടിക്കടവ് പാലംവരെയും ഒരുകിലോമീറ്റർ നീളത്തിൽ പാതയുടെ ദൈർഘ്യം വർധിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതോടൊപ്പം ഒരു ആർച്ച് ബ്രിഡ്ജ് നിർമിക്കാനും കഫറ്റീരിയ, കൂടുതൽ ഇരിപ്പിടങ്ങൾ, ശുചി മുറികൾ തുടങ്ങിയ വിപുലമായ സൗകര്യം ഏർപ്പെടുത്താനും ആലോചിക്കുന്നു. നിത്യവും സഞ്ചാരികളേറെയെത്തുന്നതാണ് ഇക്കോ ടൂറിസം കേന്ദ്രം. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള തോണിയാത്രയും അഴിമുഖക്കാഴ്ചകളും ഇവിടുത്തെ സവിശേഷതകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..