കോഴിക്കോട്
""ടോപ്പ് രണ്ടെണ്ണം അഞ്ഞൂറ്, ഷർട്ട് ഏതെടുത്താലും മുന്നൂറ്, വന്നോളീ... ജോറാക്കി പൊയ്ക്കോളീ...'' വഴിയാത്രക്കാരെ മാടിവിളിച്ച് കച്ചവടം പൊടിപൊടിച്ചിരുന്ന മിഠായിത്തെരുവിലെ വിപണിക്ക് ഇത്തവണ ഓണക്കച്ചവടത്തിൽ നഷ്‌ടം. ഭൂരിഭാഗം പേർക്കും ഓണ സീസൺ നിരാശയാണ് സമ്മാനിച്ചത്. പൊതുവെ വില വർധിച്ചെങ്കിലും വസ്ത്രവിപണി ഓണക്കാലത്ത് തിളങ്ങിനിൽക്കുമെന്നായിരുന്നു കച്ചവടക്കാരുടെ പ്രതീക്ഷ. കുറഞ്ഞ വിലയിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ മാളുകളിലടക്കം ലഭിച്ചത് പക്ഷേ തെരുവോരക്കാർക്ക് തിരിച്ചടിയായി.
""ഓണവിപണി കണക്കാക്കി വരുത്തിയ വസ്ത്രങ്ങൾ മിക്കതും കെട്ടിക്കിടക്കുകയാണ്. കുറഞ്ഞത് 100 രൂപ മുതലാണ് വിൽപ്പന. 138 രൂപയ്ക്ക് വാങ്ങിയ ടീ ഷർട്ട് 150 രൂപയ്ക്ക് വിറ്റാൽ ലാഭം 12 രൂപ. ഓരോ വിൽപ്പനയിലും പന്ത്രണ്ടോ പതിനഞ്ചോ ലാഭം കിട്ടിയാലും ഒന്നിനും തികയാത്ത അവസ്ഥയാണ്. ഏഴ് ജീവനക്കാർ കടയിലുണ്ട്. കിട്ടുന്ന വരുമാനം ശമ്പളത്തിനും പുതിയ സ്റ്റോക്ക് എടുക്കാനും കഷ്ടിച്ച് ഉണ്ടാകും. എങ്ങനെ പോയാലും മാസം 4000 മുതൽ 5000 രൂപ വരെ നഷ്ടമാണ്. നിരവധി പേർ കടകളൊഴിഞ്ഞ് പോകുന്നുണ്ട്. പുതിയ പലരും പരീക്ഷണത്തിനായി എത്തുന്നുമുണ്ട്. ഓരോ ദിവസവും തള്ളിനീക്കാൻ കഷ്ടപ്പെടേണ്ട സ്ഥിതിയാണ്''-–- മിഠായിത്തെരുവിലെ വ്യാപാരി പറഞ്ഞു. ഉത്സവവേളകളിൽ വിപണി തിരിച്ചുപിടിക്കാമെന്ന ഇവരുടെ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചത്. സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം വേണ്ടെന്നുവച്ചതും ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയതും അപ്രതീക്ഷിത പ്രതിസന്ധിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..