22 October Tuesday

സിനിമാക്കഥപോലെ കവർച്ച; ആക്‌ഷൻ ഹീറോയായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

എസ്‌ പി നിധിൻരാജ്‌ മാധ്യമങ്ങളെ കാണുന്നു

സ്വന്തം ലേഖകൻ

കൊയിലാണ്ടി 
സിനിമാക്കഥപോലെയായിരുന്നു കൊയിലാണ്ടിയിലെ എടിഎമ്മിൽ നിറയ്‌ക്കാനായി കൊണ്ടുപോയ പണം തട്ടിയെടുത്തത്‌. എന്നാൽ കവർച്ചാനാടകം ‘ആക്‌ഷൻ ഹീറോ ബിജു’ സ്‌റ്റൈലിൽ പൊലീസ്‌ പൊളിച്ചടുക്കി. 
പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ പ്രതികൾ നടത്തിയ ഗൂഢാലോചന പൊളിക്കാനും സംഭവത്തിൽ പങ്കാളികളായവരെ മണിക്കൂറുകൾക്കകം പിടിക്കാനും സാധിച്ചത്‌ പൊലീസിന്‌ പൊൻതൂവലായി.  കോഴിക്കോട്‌ റൂറൽ എസ്‌പി പി നിധിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അതിവേഗം സംഭവത്തിന്റെ ചുരുളഴിച്ചത്‌. മുളകുപൊടി വിതറി ബന്ദിയാക്കി പണം തട്ടിയെന്നത്‌ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന്‌ നടത്തിയ നാടകമാണെന്ന്‌ തെളിയിച്ചു. 
ഇന്ത്യ വൺ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരനായ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത്‌ താഹ, ഇവരുടെ സുഹൃത്തായ യാസർ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. താഹയിൽനിന്ന്‌ 37 ലക്ഷം രൂപയും കണ്ടെടുത്തു. സംഭവത്തിൽ കൂടുതലാളുകൾക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിച്ചുവരികയാണ്‌. പ്രതികളുടെ  സാമ്പത്തിക ഇടപാടുകളെക്കുറിച്ചും   ഇവരുടെ പേരിൽ മുമ്പ്‌ പരാതിയോ കേസുകളോ ഉണ്ടോയെന്നും അന്വേഷിക്കുന്നു. 
അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം, പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്‌ സുഹൈലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. സുഹൈലിനെ കാറിൽ കണ്ടെത്തിയവരുടെ മൊഴികളും രേഖപ്പെടുത്തി. തുടക്കത്തിലേ സുഹൈലിനെ സംശയിച്ചതിനാൽ പൊലീസിന്റെ നീക്കം കരുതലോടെയായിരുന്നു. സിസിടിവി കാമറകളുടെ പരിശോധനയിലൂടെയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌ പരാതിക്കാരനും കൂട്ടാളികളുമാണെന്ന്‌ വ്യക്തമായത്‌. ദീർഘകാലത്തെ ആസൂത്രണത്തിനുശേഷമാണ്‌ തട്ടിപ്പുനാടകമൊരുക്കിയതെന്ന്‌ റൂറൽ എസ്‌പി നിധിൻരാജ്‌ പറഞ്ഞു. 
ശനിയാഴ്‌ച പകൽ 12ന്‌ നടന്ന സംഭവത്തെക്കുറിച്ച്‌ പ്രതികൾ പറഞ്ഞത്‌ ഇങ്ങനെ: എടിഎമ്മിൽ നിറയ്‌ക്കാൻ 72,40,000 രൂപയുമായി സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽനിന്ന്‌ യാത്ര പുറപ്പെട്ടു. കാർ അരിക്കുളം പഞ്ചായത്ത്‌ ഓഫീസ്‌ കഴിഞ്ഞ്‌ കയറ്റം കയറുന്നതിനിടെ പർദ ധരിച്ചെത്തിയ രണ്ടുപേരിൽ ഒരാൾ കാറിന്റെ ബോണറ്റിലിടിച്ച്‌ വീണു.  കാർ നിർത്തിയപ്പോൾ ബോണറ്റിൽ വീണയാൾ  അൽപ്പം താഴ്‌ത്തിയ ചില്ലിനുള്ളിലൂടെ  കൈയിട്ട്‌  സുഹൈലിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയിൽ മറ്റേയാൾ  പിറകിൽ കയറി സുഹൈലിനെ പിൻസീറ്റിലേക്ക്‌ വലിച്ചിഴച്ചു. കൈയും കാലും കെട്ടി ശരീരമാസകലം മുളകുപൊടി വിതറി ബോധരഹിതനാക്കി. ഇതിനിടെ കാറിന്റെ മുൻസീറ്റിൽവച്ച പണം  കവർന്ന 
മോഷ്‌ടാക്കൾ സുഹൈലിനെ കാറടക്കം   കാട്ടിലെപീടികയിൽ  ഉപേക്ഷിച്ചു. അതിനുശേഷം  മോഷ്‌ടാക്കൾ വന്ന കാറിൽ തിരിച്ചുപോയി എന്നാണ്‌ സുഹൈൽ  പൊലീസിനോട്‌ പറഞ്ഞത്‌. എന്നാൽ കള്ളൻ കപ്പലിൽ തന്നെയാണെന്ന്‌ തോന്നിയ പൊലീസ്‌ അതിവേഗം പ്രതികളെ വലയിലാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top