സ്വന്തം ലേഖകൻ
കൊയിലാണ്ടി
കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കി എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തുക്കളും അറസ്‌റ്റിൽ. ഇന്ത്യ വൺ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരനും പരാതിക്കാരനുമായ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് നന്തി കോടിക്കൽ സ്വദേശി താഹ, കോടിക്കൽ സ്വദേശിയും ചെരണ്ടത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിയുമായ യാസർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരാൾ കൂടി വലയിലായതായാണ് സൂചന. പരാതിക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ ആസൂത്രണംചെയ്ത നാടകമാണെന്ന് കോഴിക്കോട് റൂറൽ എസ്‌പി പി നിധിൻരാജ് പറഞ്ഞു. താഹ ജോലിചെയ്യുന്ന വില്യാപ്പള്ളിയിലെ സ്ഥാപനത്തിന്റെ മച്ചിൽ ഒളിപ്പിച്ചുവച്ച 37 ലക്ഷം രൂപ കണ്ടെടുത്തു. താഹയുടെയും സുഹൈലിന്റെയും സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് പ്രതികൾ കവർച്ച ആസൂത്രണംചെയ്തത്.
ശനിയാഴ്‌ച പകലാണ് സംഭവം. യാസറും താഹയും ഓടിച്ചുവന്ന കാറിലേക്ക് അരിക്കുളം കുരുടിമുക്കിൽവച്ച് സുഹൈൽ പണം കൈമാറുകയായിരുന്നു. തുടർന്ന് സുഹൈൽ വന്ന കാറിലേക്ക് മുളകുപൊടി വിതറി. പിന്നീട് കാട്ടിലപ്പീടികയിൽ കാറിൽ ബന്ദിയാക്കപ്പെട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. സുഹൈലിന്റെ തുടക്കം മുതലുള്ള മൊഴിയിൽ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് ഫോണും പല സ്ഥലങ്ങളിലുള്ള കാമറകളും പരിശോധിച്ചാണ് കേസ് തെളിയിച്ചത്. ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്, സിഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐ ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സംഭവം നടന്നതിന്റെ തലേന്ന് ഏജൻസി ഉടമയുടെ കാർഡുപയോഗിച്ച് 62 ലക്ഷം രൂപ സുഹൈൽ വിവിധ ബാങ്കുകളിൽനിന്ന് പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ 72,40,000 രൂപ നഷ്ടപ്പെട്ടുവെന്ന് സുഹൈൽ നൽകിയ പരാതിയിലും എടിഎം ഏജൻസി നൽകിയ പരാതിയിലും പറയുന്നു. പ്രതികളെ മെഡിക്കൽ പരിശോധനക്കുശേഷം കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..