സ്വന്തം ലേഖിക
കോഴിക്കോട്
സെൻട്രൽ മാർക്കറ്റിനെ ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് ഒരുമാസത്തിനകം തറക്കല്ലിടും. ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. കച്ചവടത്തിന് താൽക്കാലിക സംവിധാനമൊരുക്കാൻ അധികമായി വേണ്ട ഭൂമിയുടെ മൂല്യം കണക്കാക്കി വാടക നിശ്‌ചയിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. തുടർന്ന് നിർമാണ ഏജൻസിയുമായി കരാർ ഒപ്പുവച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് മരാമത്ത് സമിതി അധ്യക്ഷൻ പി സി രാജൻ പറഞ്ഞു.
ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് മൊത്തം 55.17 കോടി രൂപയുടെതാണ് പദ്ധതി. മാർച്ചിനകം പ്രവൃത്തി തുടങ്ങി രണ്ട് കൊല്ലത്തിനകം പൂർത്തിയാക്കും. നിലവിലെ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിക്കുക. ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നില കെട്ടിടമാണ് ഉയരുക. മത്സ്യലേലത്തിനും കച്ചവടത്തിനുള്ള സ്ഥലവും ശീതീകരിച്ച മാർക്കറ്റും ഡോർമിറ്ററിയും വലിയ ഹാളുമുണ്ടാവും. റിക്രിയേഷൻ ഹാൾ, മീൻ വിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് ഏരിയ എന്നിവയുമുണ്ടാകും. പണി പൂർത്തിയാകുംവരെ കച്ചവടം റോഡിന് എതിർവശത്തെ സ്വകാര്യ സ്ഥലത്തേക്കാണ് മാറ്റുക. ഇതിന്റെ വാടക നിശ്ചയിക്കുന്നതിനായി റവന്യൂ വിഭാഗത്തിന്റെ സർവേ പൂർത്തിയായതാണ്. അത് കഴിഞ്ഞാലുടൻ നിർമാണത്തിലേക്ക് കടക്കും. കെട്ടിടം പണിക്കുള്ള മണ്ണ് പരിശോധനയും കഴിഞ്ഞു.
1906–-ൽ ബ്രിട്ടീഷ് ഭരണത്തിലാണ് ഇവിടെ മത്സ്യമാർക്കറ്റ് നിർമിച്ചത്. 20 വർഷം മുമ്പ് ആ കെട്ടിടം പൊളിച്ചാണ് നിലവിലെ കെട്ടിടം പണിതത്. സ്പേസ് ആർട്സ് ആണ് ഡിപിആർ തയ്യാറാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..