സ്വന്തം ലേഖിക
കോഴിക്കോട്
ജീവനക്കാർ കുറവായതിനാൽ പ്രവർത്തനം മന്ദഗതിയിലായിരുന്ന വെള്ളിമാട്‌കുന്നിലെ ഗവ. പ്രസിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഓപ്പറേറ്റർ, ബൈൻഡർ തസ്‌തികകളിലായി 12 ജീവനക്കാരെ മറ്റ് യൂണിറ്റുകളിൽനിന്ന് മാറ്റി നിയമിക്കാൻ ഉത്തരവായി. ഇതോടെ ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലേക്ക് വേണ്ട പ്രിന്റിങ്ങും ഇവിടെ നടത്താനാവും.
നാല് പ്രിന്റിങ് യന്ത്രങ്ങൾ ഉണ്ടെങ്കിലും ജീവനക്കാർ കുറവായതിനാൽ ഒരു യന്ത്രം മാത്രമാണ് പ്രവർത്തിപ്പിച്ചിരുന്നത്. കൂടുതൽ ജീവനക്കാരെത്തുന്നതോടെ മുഴുവൻ യന്ത്രവും പ്രവർത്തിപ്പിക്കാനാവും. കെജിപിഇയു -(സിഐടിയു) നേതൃത്വത്തിൽ ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചതോടെയാണ് നടപടി ഉണ്ടായത്. ഷൊർണൂർ, മണ്ണന്തല പ്രസുകളിൽനിന്നാണ് ജീവനക്കാരെ ഇങ്ങോട്ട് നിയമിച്ചത്.
ജനുവരിയിൽ ആളില്ലാതെ പ്രസ് അടച്ചിടേണ്ടിവന്നിരുന്നു. ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് അച്ചടി വകുപ്പ് ഡയറക്ടറും ഉദ്യോഗസ്ഥസംഘവും പ്രസ് സന്ദർശിച്ചു. ഒരു മെഷീൻ ഓപ്പറേറ്ററെ കോട്ടയത്ത്നിന്ന് താൽക്കാലികമായി മാറ്റി നിയമിച്ചാണ് അന്ന് പ്രവർത്തനം പുനഃരാരംഭിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി –- മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ രജിസ്‌റ്റർ, മറ്റ് രേഖകൾ, അറിയിപ്പുകൾ, എസ്‌എസ്‌എൽസി –- പ്ലസ്‌ടു പരീക്ഷാ ഉത്തര പേപ്പർ തുടങ്ങിയവയാണ് ഇവിടെ പ്രിന്റ് ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും പ്രിന്റിങ്ങിനായി ഏറെ ദൂരെയുള്ള ഷൊർണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ജോലി ക്രമീകരണത്തിലൂടെ മറ്റ് പ്രസുകളിൽനിന്ന് ആളുകളെ മാറ്റിയാണ് പ്രവർത്തനം നടത്തിയിരുന്നത്. 30 പേരെങ്കിലും വേണ്ട ഇവിടെ എട്ട് പേരാണുള്ളത്. ഡിടിപി ഓപ്പറേറ്റർമാരില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..