18 November Monday

തെരുവിന്റെ പ്രതിഷേധമാണ്‌ പ്രകാശന്റെ ക്യാൻവാസുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശന്റെ ‘ചിന്തകൾ 2024’ -ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു

കോഴിക്കോട് 
തെരുവോരത്ത് കച്ചവടത്തിനിരിക്കുമ്പോഴും പ്രകാശന്റെ മനസ്സിൽ വർണങ്ങൾ തെളിഞ്ഞുകൊണ്ടേയിരുന്നു. ഫാസിസത്തിനെതിരെയും ചൂഷണത്തിനെതിരെയും മുതലാളിത്തത്തിനെതിരെയുമെല്ലാം വിരൽ ചൂണ്ടുന്ന തീക്ഷ്‌ണമായ വർണങ്ങൾ. കോവിഡ് നാളുകളിലാണ് ആദ്യമായി വർണങ്ങളെ ക്യാൻവാസിലേക്ക്‌ പകർത്തിയത്‌. പതിയെ ആ താൽപ്പര്യം വളർന്നു. നിറങ്ങളണിഞ്ഞ ആ ചിന്തകളാണ്‌ ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിലെ  ‘ചിന്തകൾ 2024’ പ്രദർശനം. 
ചെറുപ്പത്തിലേ തന്റെ ചിന്തകൾ ജീവസ്സുറ്റ ചിത്രങ്ങളായി കടലാസിൽ പകർത്താൻ മിടുക്കനായിരുന്നു നല്ലളം സ്വദേശി കത്തലാട്ട് പ്രകാശൻ. നല്ലളം മൊയ്തീൻ പള്ളിക്കടുത്ത് തെരുവുകച്ചവടം നടത്തുന്ന പ്രകാശൻ ഒഴിവുസമയങ്ങളിലാണ്‌ ചിത്രങ്ങൾ വരയ്‌ക്കുന്നത്‌. സ്ത്രീകൾക്കെതിരായ അതിക്രമത്തെയും ഫാസിസത്തെയും ചോദ്യംചെയ്യുന്ന 25 അക്രിലിക് ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. 
"ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണ്. അപ്പോൾ വരുന്ന ചിന്തകളിൽനിന്നാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കാറ്. ഇന്നത്തെ ഇന്ത്യയിലെ കലുഷിതമായ അന്തരീക്ഷത്തിനെതിരെയാണ് ചിത്രങ്ങളിലൂടെ ഞാൻ പോരാടുന്നത്’–-പ്രകാശൻ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റാണ്‌ പ്രകാശൻ. പ്രദർശനം മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനംചെയ്തു. വി കെ സി മമ്മദ്കോയ അധ്യക്ഷനായി. പ്രദർശനം വ്യാഴാഴ്‌ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top