24 October Thursday

കല്ലായിപ്പുഴയുടെ നവീകരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കല്ലായിപ്പുഴ നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്യാനെത്തിയ മേയർ ബീന ഫിലിപ്പ്‌, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, അഹമ്മദ്‌ ദേവർ കോവിൽ എംഎൽഎ എന്നിവർക്കൊപ്പം കോതി പാലത്തിൽനിന്ന്‌ കല്ലായിപ്പുഴ നോക്കുന്നു

കോഴിക്കോട്
കല്ലായിപ്പുഴയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്  ആഘോഷ പ്രതീതിയോടെ തുടക്കം. മധുര പലഹാരം വിതരണംചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് നാട് പുഴയെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിനായി  കൈകോർത്തത്. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കാളിയാവാനായി നാട് ഒഴുകിയെത്തി. ചെളിയും മാലിന്യവും നിറഞ്ഞ മൃതാവസ്ഥയിലായ പുഴയെ പുനരുജീവിപ്പിക്കാൻ കോഴിക്കോട് കോർപറേഷനാണ് മുൻകൈയെടുക്കുന്നത്.  
പ്രവൃത്തി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. മാലിന്യം നീക്കി പുഴയുടെ സുഗമമായ ഒഴുക്ക് സാധ്യമാക്കുന്ന പദ്ധതിയ്ക്കായി 12.98 കോടി രൂപയാണ് കോർപറേഷൻ ചെലവിടുന്നത്.   ഏറെക്കാലമായി നാടാകെ പുഴയുടെ നവീകരണത്തിനായി കാത്തിരിക്കയാണ്‌. പല പ്രതിസന്ധികളും മറികടന്നാണ്‌ പദ്ധതി കോർപറേഷൻ  യാഥാർഥ്യമാക്കുന്നത്. ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. കേരളത്തിലെ മലിനീകരിക്കപ്പെട്ട പുഴകളുടെ പട്ടികയിൽ ഒന്നാമതായ കല്ലായിപ്പുഴയെ വീണ്ടെടുക്കാനായി,  അടിഞ്ഞുകൂടിയ ചെളിയുടെ അളവ്‌ കണ്ടെത്താനുള്ള സർവേയാണ്‌ ആദ്യം നടക്കുക. ഇത്‌ ഒന്നര മാസംകൊണ്ട്‌ പൂർത്തിയാക്കി ആഴംകൂട്ടൽ തുടങ്ങും. പുഴയിലെ മരത്തടികൾ കച്ചവടക്കാർതന്നെ നീക്കും.  ജലസേചന വകുപ്പാണ് നദീസംരക്ഷണ പ്രവർത്തനം നടപ്പാക്കുക.
ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വിവിധ  സമിതി അധ്യക്ഷരായ പി സി രാജൻ , ഒ പി ഷിജിന, പി ദിവാകരൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർമാരായ പി മുഹ്സീന, എം ബിജുലാൽ, എം സി സുധാമണി, ഓമന മധു, ആയിഷാബി പാണ്ടികശാല, കെ സി ശോഭിത, ഒ സദാശിവൻ, കെ മൊയ്തീൻ കോയ,  ജലസേചന വകുപ്പ് ചീഫ് എൻജിനിയർ എം ശിവദാസൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top