പേരാമ്പ്ര
എരവട്ടൂർ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നതായി പരാതി. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കവർച്ച നടന്നത്. 20,000 രൂപയോളം നഷ്ടമായതായി ക്ഷേത്രഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസി ടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. പാന്റ്സും അതിനുമേൽ മുണ്ടും അതിനുമേൽ ചുരിദാറിന്റെ ടോപ്പ് പോലെയുള്ള വസ്ത്രവും ധരിച്ച് പ്ലാസ്റ്റിക് കവർകൊണ്ട് മുഖം മൂടിയാണ് മോഷ്ടാവ് എത്തിയത്. സമീപത്തെ വീട്ടിൽനിന്ന് മോഷ്ടിച്ച കമ്പിപ്പാരയും നിലം കുഴിക്കുന്ന പാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ അഞ്ചിന് ക്ഷേത്രമുറ്റം വൃത്തിയാക്കാനെത്തിയവരാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടത്. ക്ഷേത്രത്തിൽ നിന്നകലെ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..