23 November Saturday

സിപിഐ എം ഫറോക്ക് 
ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി രാമനാട്ടുകര 
പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ വി കെ സി മമ്മത് കോയ പതാക ഉയർത്തുന്നു

രാമനാട്ടുകര
സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന് രാമനാട്ടുകരയിൽ ശനിയാഴ്‌ച തുടക്കം. ഫാറൂഖ് കോളേജ് റോഡ് കെ മാനുകുട്ടൻ നഗറിൽ (1955 വിന്റേജ്‌ ഓഡിറ്റോറിയം) രാവിലെ എട്ടിനാരംഭിക്കുന്ന സമ്മേളനം സംസ്ഥാന സമിതി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്യും. ഏരിയയിലെ  23 ലോക്കൽ കമ്മിറ്റികളിലെ 4759 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 151 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 
ഞായർ വൈകിട്ട് രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപത്തെ ഗ്രൗണ്ടിൽ കെ ഗംഗാധരൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനംചെയ്യും.  ഇതോടനുബന്ധിച്ച്  റെഡ്‌ വളന്റിയർ മാർച്ചും ബഹുജന റാലിയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന വേദിയായ രാമനാട്ടുകര ബൈപാസ്‌ ജങ്ഷന് സമീപത്തെ കെ ഗംഗാധരൻ നഗറിൽ വെള്ളിയാഴ്‌ച പതാക ഉയർന്നു.
പാർടിയുടെ ഏരിയയിലെ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ മാനുകുട്ടന്റെ ഫാറൂഖ് കോളേജിന് സമീപത്തെ സ്മൃതിമണ്ഡപത്തിൽ ഭാര്യ കെ ലീലയിൽനിന്ന്‌ പതാക ഏറ്റുവാങ്ങി. കെ പ്രകാശൻ അധ്യക്ഷനായി. കെ സുധീഷ് കുമാർ, പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. എം ബീന പ്രഭ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം വാഴയിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അത്‌ലറ്റുകളും ചുവപ്പ് വളന്റിയർമാരും ചേർന്നാണ് ജാഥയായി പതാക എത്തിച്ചത്. 
കൊടിമരം, ഏരിയാ കമ്മിറ്റി അംഗമായിരിക്കെ വിടവാങ്ങിയ കെ ഗംഗാധരന്റെ മണ്ണൂർ കുന്നത്തുപടിയിലെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സഹോദരൻ കെ പത്മനാഭൻ,  ഭാര്യ മേപ്പറമ്പൻ ലതാ മണി, മക്കളായ ഡെയ്സി, ഫെബീന എന്നിവരിൽനിന്ന്‌ ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം എം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ജാഥയായി എത്തിച്ചത്. യോഗം ഏരിയാ സെക്രട്ടറി ടി രാധാഗോപി ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി കെ ശൈലജ അധ്യക്ഷയായി. ഏരിയാ കമ്മിറ്റി അംഗം കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ബേപ്പൂരിലെ രക്തസാക്ഷികളായ പേരോത്ത് രാജീവൻ, മണ്ണടത്ത് സജീഷ് എന്നിവരുടെ രക്തസാക്ഷി കുടീരങ്ങളിൽ രാജീവന്റെ ഭാര്യ ജനിലയിൽനിന്ന്‌ ഏറ്റുവാങ്ങി, ഏരിയാ കമ്മിറ്റി അംഗം കെ രാജീവിന്റെ നേതൃത്വത്തിലാണ് ദീപശിഖ കൊണ്ടുവന്നത്. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി രഞ്ജിത് കുമാർ അധ്യക്ഷനായി. റസൽ പള്ളത്ത് സ്വാഗതം പറഞ്ഞു.
കെ പത്മനാഭൻ, എൻ പി ദാമോദരൻ, വാളക്കട ബാലകൃഷ്ണൻ, ചമ്മിനി വാസു, ടി ഹസ്സൻ, കെ ബാലരാമൻ, അനന്തൻ കമ്പൗണ്ടർ, ഇ കത്താലി, ടി മുഹമ്മദ്, ഇ പറങ്ങോടൻ, ഇ അയ്യപ്പൻ, വി സി എസ്, പി ചന്ദ്രശേഖരൻ,  ചെറിയത്ത് ചോയിക്കുട്ടി എന്നിവരുടെ സ്മൃതികുടീരങ്ങളിൽനിന്നുള്ള ഉപ ദീപശിഖാ ജാഥകളുമുണ്ടായി.
എല്ലാ ജാഥകളും ഫാറൂഖ് കോളേജ് അടിവാരത്ത് സംഗമിച്ച് രാമനാട്ടുകര നഗരത്തിലെത്തി. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ വി കെ സി മമ്മത് കോയ പതാക ഉയർത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top