23 December Monday

സിയാലിലുണ്ട്‌ മലയാളിയൊരുക്കിയ അഗ്നിസുരക്ഷാ വാഹനം

എ സജീവ്‌കുമാർUpdated: Saturday Nov 23, 2024
കൊയിലാണ്ടി
കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) അഗ്നിശമന വാഹനങ്ങളിൽ ഏക ഇന്ത്യൻ നിർമിത വാഹനം ഒരുക്കിയത്‌ ഗുജറാത്തിൽ നിന്നുള്ള മലയാളിയുടെ സ്ഥാപനം. ഇളം മഞ്ഞകലർന്ന പച്ചനിറത്തിലുള്ള   ഈ വാഹനത്തിനു പിന്നിൽ  കൊയിലാണ്ടി മേലൂർ സ്വദേശി സൂത്രാടത്തിൽ ബാലഗോപാലൻ എന്ന ബാലുനായർ ആണ്‌. 
ഇദ്ദേഹം ചെയർമാനും മാനേജിങ്  ഡയറക്ടറുമായ,  ബറോഡ ആസ്ഥാനമായുള്ള ഇൻഡസ് ഫയർ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇൻഡസ് എമർജൻസി വെഹിക്കിൾസാണ്  വാഹനം നിർമിച്ചത്.  വിമാനത്താവളങ്ങളിലുണ്ടാവുന്ന അടിയന്തര ഘട്ടങ്ങൾ  കൈകാര്യം ചെയ്യാനുതകുന്ന  നൂതന സാങ്കേതികവിദ്യകളോടുകൂടിയ "റിനോ വെഹിക്കിൾ’ വിമാനത്താവള അധികൃതർക്ക് കൈമാറി. കാഴ്ചയിൽ ചെറുതായതിനാൽ എവിടെയും എപ്പോഴും എത്തിച്ചേരാനാവുമെന്നതാണ്‌ പ്രത്യേകത.
 അഗ്നിശമന രംഗത്ത് സാങ്കേതിക വൈദഗ്ധ്യം നേടിയ 2000 ജീവനക്കാർ ഉൾപ്പെട്ട മേഖലയിലാണ് ഇൻഡസ് ആദ്യം അറിയപ്പെട്ടത്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി അഗ്നിശമന വാഹനങ്ങളുടെ നിർമാണരംഗത്തും  ശ്രദ്ധേയരായി.
ടാറ്റ, ലയലൻഡ്, മഹീന്ദ്ര, ഭാരത് ബെൻസ്, ഇസുസു തുടങ്ങിയ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ അഭിരുചിക്കനുസൃതമായി ഫയർ സേഫ്റ്റി വാഹനങ്ങൾ രൂപകൽപ്പന ചെയ്തുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡസ് എമർജൻസി വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ബാലു നായർ ആരംഭിച്ചത്. 
 വിവിധ സംസ്ഥാനങ്ങൾക്കും തിരുവനന്തപുരം ഐഎസ്ആർഒ (വിഎസ്എസ്‌സി) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും  നൂറോളം ഫയർ ആൻഡ്‌ എമർജൻസി വാഹനങ്ങൾ ഇതിനകം ഇൻഡസ് നിർമിച്ചുനൽകി.  നേവിയിൽനിന്ന് ഒഴിവായി സ്വന്തം സംരംഭം ആരംഭിച്ച ബാലു നായരോടൊപ്പം മരുമകൻ സുജിത് മേനോൻ, മകൻ വൈശാഖ് നായർ എന്നിവരുമുണ്ട്‌. ഇവർക്കൊപ്പം ഒരുപറ്റം തൊഴിലാളികളും ഉദ്യോഗസ്ഥരും ചേർന്ന കൂട്ടായ പ്രവർത്തനമാണ് സ്ഥാപനത്തിന്റെ വിജയത്തിനുപിന്നിൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top