സ്വന്തം ലേഖിക
കോഴിക്കോട്
ആധുനിക സൗകര്യങ്ങളാൽ നവീകരിച്ച മാവൂർറോഡ് ശ്‌മശാനം ‘സ്‌മൃതിപഥം’ 29ന് തുറക്കും. ശ്‌മശാനം രാവിലെ 10ന് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിക്കും. നാല് വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട് പരമ്പരാഗത ചൂള എന്നിവയുൾപ്പെടുത്തിയാണ് നവീകരിച്ചത്. പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്‌മം സൂക്ഷിക്കാനുള്ള ലോക്കറുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്‌കാരം തൽസമയം കാണാനുള്ള സൗകര്യം, അനുബന്ധ സാധനങ്ങൾ കിട്ടുന്ന കിയോസ്‌ക്, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്‌മരണ ചടങ്ങുകൾക്ക് ഹാൾ എന്നീ സൗകര്യങ്ങളും നവീകരിച്ച ശ്‌മശാനത്തിലുണ്ട്. കോർപറേഷൻ പരിധിയിലുള്ളവർക്കാണ് മുൻഗണനയെങ്കിലും മറ്റിടങ്ങളിൽനിന്നുള്ള മൃതദേഹവും സംസ്‌കരിക്കും.
രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാവും പ്രവർത്തനം. 2020 ഒക്‌ടോബറിലാണ് എംഎൽഎ ഫണ്ടും കോർപറേഷൻ ഫണ്ടും ഉപയോഗിച്ച് ശ്‌മശാനം നവീകരിക്കാൻ തീരുമാനിച്ചത്. ചൂളയിൽ സംസ്‌കാരം നടക്കുമ്പോൾ പുകയും ഗന്ധവും നഗരപരിസരത്ത് വ്യാപിച്ചിരുന്നു. നവീകരണം തുടങ്ങിയതോടെ ഇലക്‌ട്രിക് ശ്‌മശാനത്തിൽ മാത്രമായിരുന്നു സംസ്‌കാരം. ഇത് കേടായതോടെ ഒന്നര വർഷമായി ഇവിടെ സംസ്‌കാരം നടത്തിയിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..