23 December Monday
ക്രിസ്‌മസ്–പുതുവത്സര തിരക്കിൽ ആശ്വാസമേകാൻ കെഎസ്‌ആർടിസി

വീടുപിടിക്കാൻ 
20 ആനവണ്ടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ദീപപ്രഭയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്‌
ആഘോഷരാവിനുമുമ്പ്‌ വീടുപിടിക്കാൻ നെട്ടോട്ടത്തിലാകുന്നവർക്ക്‌ ആശ്വാസമായി കെഎസ്‌ആർടിസിയുടെ അധിക സർവീസ്‌. അയൽ സംസ്ഥാനങ്ങളിലേക്കും വിവിധ ജില്ലകളിലേക്കുമായി കോഴിക്കോട്ട്‌‌  20 അധിക സർവീസ്‌. ഞായറാഴ്‌ചവരെയുള്ള കണക്കാണിത്‌. യാത്രക്കാരുടെ തിരക്ക്‌ കൂടുന്നതിനനുസരിച്ച്‌ വരുംദിവസങ്ങളിൽ സർവീസ്‌ വർധിപ്പിക്കും. ലോഫ്ലോർ എസി, ഗരുഡ എസി, സൂപ്പർ ഡിലക്‌സ്‌, സൂപ്പർ ഫാസ്‌റ്റ്‌ തുടങ്ങി എല്ലാ ബസുകളും അവധിക്കാല യാത്രക്ക്‌ അധികമായി നിരത്തിലിറക്കിയിട്ടുണ്ട്‌.
ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ കണക്കിലെടുത്ത്‌ കേരളത്തിനുള്ളിലും പുറത്തേക്കും അധിക സർവീസുകൾ സജ്ജമാക്കുമെന്ന്‌ ഗതാഗത മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ബസുകൾ സർവീസ്‌ തുടങ്ങിയത്‌. ഒന്നുവീതം ലോഫ്ലോർ എസി, സൂപ്പർ ഡീലക്‌സ്‌, മൂന്നുവീതം മിന്നൽ, സൂപ്പർ ഫാസ്‌റ്റ്‌ എന്നിങ്ങനെ എട്ട്‌ ബസുകളാണ്‌ കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ സർവീസ്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളത്തേക്ക്‌ നാല്‌ എസി ലോഫ്ലോർ ബസുകൾകൂടി ആരംഭിച്ചിരുന്നു. ദിവസവും രാവിലെ ആറ്‌, എട്ട്‌, രാത്രി ഏഴ്‌,  9.40 എന്നിങ്ങനെയാണ്‌ എറണാകുളത്തേക്ക്‌ ലോഫ്ലോർ പുറപ്പെടുന്ന സമയം. ഇതിനുപുറമെ പത്തനംതിട്ടയിലേക്കും എറണാകുളത്തേക്കുമായി ഓരോ ബസുകൾകൂടി കഴിഞ്ഞ ദിവസം സർവീസ്‌ തുടങ്ങി. ബംഗളൂരുവിലേക്ക്‌ നാല്‌ സർവീസുകളും അധികമായി തുടങ്ങി. അവധിക്കാലം തീരുന്നതുവരെ സർവീസുകൾ തുടരും. കെഎസ്‌ആർടിസി വെബ്‌സൈറ്റ്‌ വഴിയും ആപ് മുഖേനയും കൗണ്ടറുകൾവഴിയും ടിക്കറ്റുകൾ റിസർവ്‌ ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top