08 September Sunday
മലയോരം പുഴ ഉത്സവ ലഹരിയിലേക്ക്

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് നാളെ മീൻതുള്ളിപ്പാറയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിനെത്തിയ വിദേശ വനിതാ കയാക്കർമാർ ചാലിപ്പുഴയിൽ പരിശീലനത്തിൽ

മുക്കം 
ജലസാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന്‌ വ്യാഴാഴ്ച തുടക്കമാകും. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ്പ് ഞായറാഴ്ചവരെ കുറ്റ്യാടി പുഴയിലും ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായാണ് നടക്കുക.
ഫ്രീസ്റ്റൈൽ മത്സരങ്ങൾ വ്യാഴം രാവിലെ പത്തിന് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ്‌ ചെയ്യും.  റിവർ  ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വെള്ളി പകൽ 11.30ന് പുലിക്കയത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ഞായറാഴ്ച പുല്ലൂരാംപാറ ഇലന്തുകടവിൽ സമാപന ചടങ്ങ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ കോടഞ്ചേരി പുലിക്കയത്താണ് പ്രധാന മത്സരങ്ങൾ നടക്കുക.
കോവിഡ് കാലത്ത് നിർത്തിവച്ച ഫ്രീസ്റ്റൈൽ മത്സരങ്ങൾ ഇത്തവണ പുനരാരംഭിക്കും. വ്യാഴാഴ്ച മീൻതുള്ളിപ്പാറയിലാണ് ഫ്രീ സ്റ്റൈൽ പ്രദർശന മത്സരം. ഒളിമ്പിക്സ്  മത്സരയിനങ്ങളായ സ്ലാലം, എക്സ്‌ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിലും ഇരുവഴിഞ്ഞി പുഴയിലും നടക്കും.
എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യൻഷിപ്പിൽ തുഴയെറിയും. മുൻ വർഷത്തെ "വേഗ രാജാവ്’ അമിത് ഥാപ്പ ഉൾപ്പെടെ ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലൻഡ്‌, നോർവേ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തി.  
വെള്ളി വൈകിട്ട് ആറിന് പുലിക്കയത്ത് കേരള ഫോക്‌ലോർ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. ഞായറാഴ്ച രാത്രി ഇലന്തുകടവിൽ അതുൽ നറുകരയുടെ മ്യൂസിക് ബാൻഡ് വേദിയിലെത്തും.
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
കോടഞ്ചേരിയിൽ ഇന്ന് വിളംബര പരേഡ്
മുക്കം
വ്യാഴാഴ്ച ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി ബുധനാഴ്ച കോടഞ്ചേരിയിൽ വിളംബര പരേഡ് സംഘടിപ്പിക്കും. പകൽ മൂന്നിന് ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും. തുടർന്ന് മത്സരങ്ങളുടെ സ്പോട്ട് രജിസ്ട്രേഷൻ ഹോട്ടൽ തുഷാരയിൽ നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top