കുന്നമംഗലം
കണ്ടത്തിൽ കുതിച്ചുപായുന്ന കാളക്കൂറ്റന്മാർ. ഹർഷാരവം മുഴക്കി ചുറ്റിലും നൂറുകണക്കിന് കാളപൂട്ട് മത്സര പ്രേമികൾ. വള്ളിച്ചെരിപ്പിൽ കയറിനിന്ന് കാളകളെ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പരിശ്രമിക്കുന്ന കാളപൂട്ടുകാരൻ. ആവേശം വാനോളമുയർത്തിയാണ് പെരുമണ്ണയിലെ മുല്ലമണ്ണയിൽ എല്ലാവർഷവും ജനകീയ കാർഷിക വിനോദമായി കാളപൂട്ട് മത്സരം സംഘടിപ്പിക്കുന്നത്.
നൂറ് വർഷങ്ങൾക്കുമുമ്പാണ് നാടൊന്നിച്ച് ഇവിടെ കാളപൂട്ട് മത്സരം സംഘടിപ്പിക്കാൻ തുടങ്ങിയത്. പെരുമണ്ണയിലെ പരേതനായ മുല്ലമണ്ണ കോയസ്സനാണ് കാളപൂട്ട് കണ്ടം ഒരുക്കി മത്സരത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ ഓർമയിൽ ജനകീയ കമ്മിറ്റി നേതൃത്വത്തിൽ എല്ലാ വർഷവും കാളപൂട്ട് മത്സരം സംഘടിപ്പിക്കും.
ഈ വർഷം 58 ടീമുകളാണ് മാറ്റുരയ്ക്കാനെത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നാണ് പങ്കാളിത്തം. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു മത്സരം. വിജയികളിൽ ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിയും വെള്ളിച്ചെയിനുമാണ് സമ്മാനം. അഞ്ച് സ്ഥാനക്കാർക്ക് ട്രോഫി ലഭിക്കും. ഒരു ടീമിന് രണ്ട് റൗണ്ട് ട്രയൽ റൺ അനുവദിക്കും. മൂന്ന് റൗണ്ടുകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷിങ് പോയിന്റ് കടക്കുന്നവരാണ് വിജയികൾ. കാളപൂട്ട് കണ്ടത്തിന്റെ നാല് മൂലയിലും സ്പ്രിങ്ങും ബോളും സ്ഥാപിക്കും. ഇത് തട്ടാതെ ഇവക്കുള്ളിലൂടെ ഓടി എത്തണം.
കെ കെ ഷമീർ പ്രസിഡന്റും നാരായണൻ സെക്രട്ടറിയുമായ ജനകീയ കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. ഓമാനൂരിലെ മങ്ങാട്ടുപറമ്പിൽ റബീഹ് ഒന്നാംസ്ഥാനവും വളപ്പൻ ബിച്ചാവ രണ്ടാംസ്ഥാനവും കുഴിമണ്ണയിലെ കോട്ട ആലിക്കുട്ടി മൂന്നാംസ്ഥാനവും നേടി. മികച്ച കാളപൂട്ടുകാരനായി ബാപ്പു ക്ലാരി തെരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..