കോഴിക്കോട്
തെങ്ങുകയറാൻ ആളില്ല, പെറുക്കിക്കൂട്ടാനോ അട്ടത്തിടാനോ ആളില്ല. ഒടുവിൽ നിലത്തുവീണ് ആർക്കും വേണ്ടാതെ പന്തുതട്ടിക്കളിച്ച തേങ്ങ ഇപ്പോൾ മാർക്കറ്റിലെ പൊന്നാണ്. ഒരുകിലോ തേങ്ങയ്‌ക്ക് 42.50 രൂപ. ഏഴുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനയാണ് തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്.
കൊപ്രയ്‌ക്കും ഉണ്ടയ്‌ക്കും പൊന്നുംവിലയായതോടെ നാളികേര വിപണി ഉണർന്നു. പച്ചത്തേങ്ങ, രാജാപൂർ, ഉണ്ട, മിൽകൊപ്ര എന്നിവയുടെ വിലയാണ് മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉയർന്നത്.
വടകര വിപണിയിൽ തിങ്കളാഴ്‌ച പച്ചത്തേങ്ങ ക്വിന്റലിന് 42.50 രൂപയായി. കഴിഞ്ഞ ദിവസം 4000 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്‌ക്കാണ് ഒറ്റദിവസം കൊണ്ട് 250 രൂപ കൂടിയത്. ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഉൽപ്പാദനക്കുറവ് വ്യാപാരികൾക്കും കർഷകർക്കും ഒരേപോലെ തിരിച്ചടിയായെങ്കിലും നാളികേരത്തിന്റെ റെക്കോഡ് വില ഏറെ ആശ്വാസകരമാണ്.
വടകര വിപണിയിൽ കൊപ്ര രാജപ്പൂർ ക്വിന്റലിന് 23,000 രൂപയും ഉണ്ടയ്‌ക്ക് 19,500 രൂപയുമാണ്. 500 രൂപയാണ് കൂടിയത്. കൊട്ടത്തേങ്ങയ്‌ക്ക് 14,000 രൂപയുണ്ട്. കൊപ്രയ്‌ക്ക് 13,000 രൂപയും.
പച്ചത്തേങ്ങയ്‌ക്ക് 2018 ൽ 2700 രൂപയായിരുന്നു. ഇപ്പോഴത് 4250 രൂപയായി. 2018 രാജാപ്പൂരിന് 20,500വരെയും ഉണ്ടയ്‌ക്ക് 18,000 രൂപയും കൊപ്രയ്‌ക്ക് 9200 രൂപയും കൊട്ടത്തേങ്ങയ്‌ക്ക് 11,000 രൂപയുമായിരുന്നു അന്നത്തെ വില. 2023 ജൂലൈയിൽ വിപണിയിൽ വൻവിലയിടിവുണ്ടായി.
നേരത്തെ ഒരുതെങ്ങിൽനിന്ന് 20 മുതൽ 25 വരെ തേങ്ങ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ എട്ടുമുതൽ 10 വരെയായി കുറഞ്ഞു. സബ്‌സിഡി നിരക്കിൽ കൃഷിവകുപ്പ് വളം നൽകിയാൽ കർഷകർക്ക് സഹായകരമാവുമെന്ന് കൂടരഞ്ഞി കൂമ്പാറയിലെ കർഷകനായ ജോൺസൻ പറഞ്ഞു.
അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച് നാളികേര ഉൽപ്പാദനം മൂന്നിലൊന്നായി കുറഞ്ഞു. കാലാവസ്ഥാവ്യതിയാനവും കനത്ത വെയിലും ചൂടുമാണ് തിരിച്ചടിയായത്. മുമ്പ് 2018ലാണ് ഇത്തരത്തിൽ വില വർധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..