ഉള്ള്യേരി
ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്. മണ്ഡലം ഓഫീസിൽ നടന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ സമ്മാന പദ്ധതിയുടെ അവലോകനത്തിനായും ഡിസിസി പ്രസിഡന്റ് നയിക്കുന്ന ഗാന്ധിയാത്ര, കോൺഗ്രസ് ജന്മദിനാഘോഷം എന്നിവയുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയ്‌ക്കായും ചേർന്ന യോഗമാണ് തല്ലിൽ കലാശിച്ചത്.
ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെതിരെ പാർടി നേതൃത്വത്തിന് പരാതി കൊടുത്ത ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഹരിദാസിനെതിരെ നടപടി ആവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് ഐ ഗ്രൂപ്പ് നേതാക്കൾ ചോദ്യംചെയ്തു. പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കൾ സംസാരിക്കുന്നതിനിടെ മണ്ഡലം പ്രസിഡന്റിന്റെയും മുൻ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നിവരുടെയും നേതൃത്വത്തിൽ കസേര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഘർഷ ദൃശ്യം പകർത്തിയ ഐ വിഭാഗം നേതാവിന്റെ മൊബൈൽ ഫോണും പിടിച്ചെറിഞ്ഞ് പൊട്ടിച്ചു. അനധികൃത പണപ്പിരിവ് ചോദ്യംചെയ്ത പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ അംഗീകരിക്കില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിനിടെ നേതാക്കളെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നൽകാനാണ് ഐ വിഭാഗത്തിന്റെ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..