പന്തീരാങ്കാവ്
കോൺഗ്രസ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ മഠത്തിൽ അബ്ദുൾ അസീസ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എസ്ഡിപിഐ–- ജമാഅത്തെ ഇസ്ലാമി–-ആർഎസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് അബ്ദുൾ അസീസ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു അബ്ദുൾ അസീസിനെ ചെങ്കൊടി നൽകി സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് ഒളവണ്ണ മണ്ഡലം സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, സേവാദൾ മണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒളവണ്ണയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വം സാധാരണക്കാരനുവേണ്ടി സംസാരിക്കാൻപോലും തയ്യാറല്ലെന്ന് അബ്ദുൾ അസീസ് പറഞ്ഞു. പൊതുസേവന രംഗത്തുള്ളവരെ സഹായിക്കാൻപോലും ശ്രമിക്കാതെ അധികാരത്തിനായി വർഗീയ കക്ഷികളെ കൂട്ടുപിടിച്ചും ഗ്രൂപ്പിസം കളിച്ചും മുന്നോട്ടുപോകുകയാണ് കോൺഗ്രസ്. ജീവകാരുണ്യ പ്രവർത്തനത്തിനും സാധാരണക്കാർക്കൊപ്പം നിൽക്കാനും ഇടതുപക്ഷമാണ് ഉള്ളതെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും അബ്ദുൾ അസീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..