ഫറോക്ക്
കടൽത്തീരത്ത് അലങ്കാര വിളക്കുകളുടെ പ്രഭയിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ‘ഓഷ്യനസ് ചാലിയം’ ബീച്ച് ടൂറിസം കേന്ദ്രം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കടലിൽനിന്ന് മണ്ണും മാലിന്യവും അടിഞ്ഞുകൂടിയും പുൽക്കാടുകൾ നിറഞ്ഞും ആരുമടുക്കാതിരുന്ന തീരമാണ് നിത്യവും ആയിരങ്ങളെത്തുന്ന പ്രധാന ബീച്ച് ടൂറിസം കേന്ദ്രമാക്കിയത്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം വേദി കൂടിയായ ചാലിയം ബീച്ചിൽ 9.53 കോടി രൂപ ചെലവിട്ടാണ് വിനോദസഞ്ചാരികളെ ആകർഷിക്കാവുന്ന വിധത്തിൽ വിദേശ ബീച്ച് മാതൃകാ ടൂറിസം കേന്ദ്രങ്ങൾക്ക് സമാനമായി വികസിപ്പിച്ചത്.
കടലും ചാലിയാറും ഒന്നിക്കുന്ന തീരത്തുനിന്ന് കടലിനൊപ്പം നടക്കാവുന്ന ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ടിലും ഏക്കർകണക്കിന് വിശാലമായ തീരത്തും പൂട്ടുകട്ട പാകിയ ബീച്ച് യാർഡിലും അലങ്കാര വെളിച്ചവും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ഫുഡ് കഫെകളും ഒരുങ്ങിയിട്ടുണ്ട്. 14 ബാംബു കിയോസ്‌കുകൾ, ബാംബൂ റെസ്റ്റോറന്റ്, ഓവർഹെഡ് വാട്ടർ ടാങ്ക് , രണ്ട് കണ്ടെയ്നർ ടോയ്‌ലെറ്റ് ബ്ലോക്ക്, 26 ബീച്ച് അംബ്രല്ലകൾ,10 ബാംബു ചെയറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വാച്ച് ടവറുംതീരത്തേക്ക് വർണവെളിച്ചമുള്ള മനോഹര ആർച്ച് കവാടവും നിർമിച്ചു.
ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളും നാട്ടുകാരുമടക്കം നൂറുകണക്കിനുപേർ അണിനിരന്ന ഘോഷയാത്രയായാണ് മന്ത്രിയെ തീരത്തേക്ക് ആനയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..