08 September Sunday

ട്രോളിങ് നിരോധനം 31ന് അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ട്രോളിങ് നിരോധനം അവസാനിക്കുന്നതിനുമുമ്പായി ബോട്ടുകളുടെ ചായമടിക്കൽ 
പൂർത്തിയാക്കുന്നു. ബേപ്പൂർ ബോട്ട് റിപ്പയർ യാഡിൽ നിന്നുള്ള ദൃശ്യം

ഫറോക്ക് 
ട്രോളിങ് നിരോധനം 31ന് അവസാനിക്കാനിരിക്കെ ബോട്ടുകൾ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒരുക്കമാരംഭിച്ചു. ലക്ഷങ്ങൾ ചെലവിട്ട് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകൾ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലേക്ക്‌ നീങ്ങുകയാണ്.
ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസൽ ബങ്കുകൾ വ്യാഴം മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. അവശേഷിക്കുന്ന ദിവസങ്ങളിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ധനവും ഐസും റേഷനും ശേഖരിച്ചുതുടങ്ങും. നീണ്ട 52 ദിവസത്തെ ഇടവേളയ്ക്കുശേഷം മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണയും കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യമേഖല. കഴിഞ്ഞ സീസണിൽ വരുമാനം ഏറ്റവും കുറവായിരുന്നു. ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുന്നുണ്ട്. 
നിരോധന കാലം മലബാർ മേഖലയിൽ പൂർണമായും സമാധാനപരമായിരുന്നു. അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ്‌ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമായി നടപ്പാക്കാനായി. ഇതിന്റെ ഫലമായി 125 ഓളം  മത്സ്യത്തൊഴിലാളികളെ അപകടങ്ങളിൽനിന്ന്‌ രക്ഷിക്കാനായതായി ഫിഷറീസ് ജോ. ഡയറക്ടർ ബി കെ സുധീർ കിഷൻ പറഞ്ഞു.  
ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250 ഓളം ട്രോൾ ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. കൊയിലാണ്ടിയും ചോമ്പാലും പ്രധാനമായും ചെറു ബോട്ടുകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top