22 December Sunday
എൽഡിഎഫ്‌ അംഗങ്ങൾ പ്രതിഷേധിച്ചു

പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞുവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

പ്രതിഷേധസമരം ഗോപീനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവള്ളൂർ 

തിരുവള്ളൂർ പഞ്ചായത്ത് പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് അംഗങ്ങൾ  പ്രസിഡന്റിന്റെ  ഓഫീസിന് മുന്നിൽ ധർണ  നടത്തി. പതിനഞ്ചുവർഷത്തിലധികമായി  പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ശുഭയ്‌ക്ക്‌ അഞ്ചുമാസമായി  വേതനം ലഭിക്കുന്നില്ല. പഞ്ചായത്ത്‌ പ്രോജക്ട്‌ ഫണ്ട് ഉണ്ടായിട്ടും പാലിയേറ്റീവ് നഴ്സിന്റെ മാത്രം വേതനം പ്രസിഡന്റ്‌ തടഞ്ഞുവയ്‌ക്കുകയായിരുന്നു. സാധാരണ  തിരുവള്ളൂർ സിഎച്ച്സിയിലെ നിർവഹണ ഉദ്യോഗസ്ഥൻ പാലിയേറ്റീവ് നഴ്സ്, ഡ്രൈവർ, വാഹനത്തിന്റെ ഇന്ധനം  ഉൾപ്പെടെയുള്ള ചെലവുകൾക്കുള്ള തുക  ഒറ്റബില്ലായി പഞ്ചായത്തിലേക്ക് അയക്കുകയും  സെക്രട്ടറി അപ്രൂവ് ചെയ്ത്‌ ട്രഷറി വഴി ഈ തുക കൈമാറുകയുമാണ്‌ പതിവ്‌. 
എന്നാൽ, കഴിഞ്ഞ ദിവസം നഴ്സിന്റെ വേതനം ഒഴിവാക്കി ബില്ല് അയക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.  പാലിയേറ്റീവ് നിർവഹണ ഉദ്യോഗസ്ഥനിൽ സമ്മർദം ചെലുത്തി നഴ്സിന്റെ വേതനം തടഞ്ഞുവയ്‌ക്കുന്ന സ്ഥിതിയുണ്ടായി.   
പാലിയേറ്റീവ് നഴ്‌സിനെ അകാരണമായി പിരിച്ചുവിടാനുള്ള നീക്കം കഴിഞ്ഞ മാസങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു.  നിയമവിരുദ്ധ നടപടിക്കെതിരെ ശുഭ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്‌ ശുഭക്കെതിരെയുള്ള എല്ലാ നടപടികളും കോടതി സ്റ്റേ ചെയ്യുകയും തൽസ്ഥിതി തുടരണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ശുഭക്കെതിരെയുള്ള നിയമവിരുദ്ധ നടപടി പരാജയപ്പെട്ട വിരോധം തീർക്കാനും  ശുഭയെ പുകച്ചു പുറത്തുചാടിക്കാനുമുള്ള നീക്കമാണ് പ്രസിഡന്റും മറ്റും നടത്തുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
ഒരാളുടെ വേതനം തടഞ്ഞുവയ്‌ക്കുന്ന മനുഷ്യത്വരഹിതമായ നടപടി  അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അതിവിപുലമായ ബഹുജന സമരത്തിന് നേതൃത്വംകൊടുക്കുമെന്നും എൻഡിഎഫ് മുന്നറിയിപ്പ് നൽകി. സമരം ഗോപീനാരായണൻ ഉദ്ഘാടനംചെയ്തു. പി പി രാജൻ അധ്യക്ഷനായി.
ഹംസ വായേരി, ടി വി സഫീറ, പ്രസിന അരുകുറുങ്ങോട്ട്, രമ്യ പുലക്കുന്നുമ്മൽ, ഗീത പനയുള്ളതിൽ, കെ വി ഗോപാലൻ, സി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top