22 November Friday
ഡിജിറ്റൽ സാക്ഷരതാ സർവേയ്‌ക്ക്‌ കോര്‍പറേഷനില്‍ തുടക്കം

സ്‌മാർട്ടാണ്‌ കോഴിക്കോട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കോർപറേഷനിൽ ഡിജിറ്റൽ സാക്ഷരതാ സർവേ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

‌കോഴിക്കോട്‌
സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്കുള്ള വാതിൽ തുറന്ന്‌ കോഴിക്കോട്‌ കോർപറേഷൻ.  ‘ഡിജി കേരളം' പദ്ധതിയുടെ മുന്നോടിയായി ഡിജിറ്റൽ സാക്ഷരതാ സർവേയ്ക്ക് കോർപറേഷനിൽ തുടക്കമായി. മന്ത്രി പി എ മുഹമ്മദ് റിയാസ് സർവേയുടെ ഉദ്ഘാടനംചെയ്‌തു. സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെ രാജ്യത്തിന്‌ മാതൃകയായ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്ന ചരിത്ര മൂഹൂർത്തത്തിന് കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളായി സാധാരണക്കാർ മാറണമെന്നതാണ് സർക്കാർ കാഴ്ചപ്പാട്. ഈ ലക്ഷ്യത്തോടെയാണ് ഡിജി കേരളം പദ്ധതി നടപ്പാക്കുന്നത്‌. 
സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഇ -ഗവേണൻസിന്റെ പുതിയതലത്തിലേക്ക് മാറുകയാണ്. 900  സേവനങ്ങൾ ഇതിനകം ഓൺലൈനായി. പല ഓഫീസുകൾ കയറിയിറങ്ങിയാൽ മാത്രം ലഭിക്കുന്ന രേഖകൾ വീടുകളിലിരുന്ന് കുറഞ്ഞ ചെലവിൽ നിമിഷങ്ങൾക്കകം ലഭിക്കും. ഭരണനിർവഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇ- ഗവേണൻസ് സംവിധാനത്തിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
വാർഡ് തലത്തിൽ വളന്റിയർമാർ വീടുകൾ സന്ദർശിച്ച് ഒക്ടോബർ രണ്ടിനകം സർവേ പൂർത്തീകരിക്കും. 14 മുതൽ 65 വയസ്സുവരെയുള്ള എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതാണ്‌. നടൻ ആസിഫ്‌ അലിയാണ് പദ്ധതിയുടെ കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡർ.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. കോർപറേഷൻ സെക്രട്ടറി കെ യു ബിനി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരൻ, ഡോ. എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, കൗൺസിലർമാരായ ഒ സദാശിവൻ, എൻ സി മോയിൻകുട്ടി, കവി പി പി ശ്രീധരനുണ്ണി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ സി രേഖ സ്വാഗതവും ജി ഷെറി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top