22 November Friday
മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ബാലസംഘം സംസ്ഥാന സമ്മേളനം 30 മുതൽ കോഴിക്കോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

 

കോഴിക്കോട്‌
കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം 30, 31 തീയതികളിൽ കോഴിക്കോട്ട് ചേരും. കോവൂരിലെ പി കൃഷ്ണപിള്ള ഹാളിൽ കെ വി രാമകൃഷ്ണൻ നഗറിൽ 30ന്‌ രാവിലെ 10-ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. എഴുത്തുകാരൻ എൻ എസ് മാധവൻ മുഖ്യാതിഥിയാവും. രണ്ടുദിവസത്തെ സമ്മേളനത്തിൽ 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി എൻ ആദിലും സ്വാഗതസംഘം ചെയർമാൻ കെ കെ ലതികയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ദേശീയ ബാലസംഘപ്രവർത്തനത്തിന്റെ ചരിത്രം ഉറങ്ങുന്ന, കുട്ടികളായ പോരാളികളെ നാടിനുനൽകിയ നഗരമാണ് കോഴിക്കോട്. 1930ൽ നിയമം ലംഘിച്ച് ഉപ്പ്‌ കുറുക്കിയ സമരത്തിൽ എ വി കുട്ടിമാളു അമ്മയെയടക്കം പല സ്ത്രീകളെയും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തപ്പോൾ  അവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട്‌ ഗണപത് ഗേൾസ് സ്കൂളിലെ ജയലക്ഷ്മി എന്ന ഒമ്പതാം ക്ലാസുകാരിയുടെ നേതൃത്വത്തിൽ ഒരുപറ്റം പെൺകുട്ടികൾ ജയിലിലേക്ക്‌ മാർച്ച്‌ നടത്തിയ നാടാണിത്‌.   
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനാ തലത്തിൽ നല്ല മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്‌. സംസ്ഥാനത്ത് 210 ഏരിയകളിലായി 2279 വില്ലേജ്‌ കമ്മിറ്റികളും 31,258 യൂണിറ്റുകളുമുണ്ട്‌. 13,83,272 അംഗങ്ങളുണ്ട്‌. യൂണിറ്റ്‌ മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള എല്ലാ ഘടകത്തിന്റെയും പ്രധാന ഭാരവാഹികളിലൊരാൾ പെൺകുട്ടിയാകണമെന്ന തീരുമാനം നടപ്പാക്കിയ സംഘടനയാണ് ബാലസംഘം. അഖിലേന്ത്യ ശിൽപ്പശാലയ്ക്കുശേഷം വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കാനായി.  സമ്മേളനത്തിൽ 10 സംസ്ഥാനങ്ങളിലെ സൗഹാർദ പ്രതിനിധികളും പങ്കെടുക്കും.  
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ 4000 യൂണിറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിലായി കുട്ടികളുടെ സംഗമങ്ങൾ നടത്തും. ഓൺലൈൻ കലോത്സവങ്ങൾ, പട്ടം പറത്തൽ, രചനാ മത്സരങ്ങൾ, സെമിനാറുകൾ, എന്നിവയടക്കം അനുബന്ധപരിപാടികളുമൊരുക്കും. വാർത്താസമ്മേളനത്തിൽ ബാലസംഘം സംസ്ഥാന  കോ ഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, ജോ. കൺവീനർ മീര ദർശക്, എക്സിക്യൂട്ടീവ് അംഗം കെ ടി സപന്യ ജില്ലാ സെക്രട്ടറി അഭയ് രാജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top