കോഴിക്കോട്
മതതീവ്രവാദശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമ രാഷ്‌ട്രീയവും കമ്യൂണിസ്‌റ്റ് വിരുദ്ധതയും ചരിത്രപരമായി തുറന്നുകാട്ടുന്ന പുസ്‌തകം ‘കേരളം: മുസ്ലിം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം ’ വായനക്കാരിലേക്ക്. കേരളത്തിലെ ഇസ്ലാമിക രാഷ്‌ട്രീയത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം വർത്തമാനകാലത്തിൽ രാഷ്‌ട്രീയ ഇസ്ലാം ഉയർത്തുന്ന ഭീഷണി വിലയിരുത്തുന്നതാണ്. മുസ്ലിംലീഗ് സമീപകാലത്തായി ഈ മതതീവ്രവാദശക്തികളോട് കാട്ടുന്ന വിട്ടുവീഴ്‌ചയും യോജിപ്പും സൂചിപ്പിക്കുന്നുണ്ടിതിൽ. ഇസ്ലാമിന്റെ കേരളീയ ചരിത്രവും വളർച്ചയും പ്രസക്തിയും വിശദമാക്കുന്ന പുസ്‌തകം രചിച്ചത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനാണ്. മുസ്ലിം ജനത കേരളത്തിൽ കടന്നുവന്ന വഴികൾ, മലബാർ ലഹളയടക്കമുള്ള ചരിത്ര സംഭവങ്ങൾ എന്നിവ ഇതിൽ വിശദമാക്കുന്നു. മലബാർ കലാപത്തെ കോൺഗ്രസും മുസ്ലിംലീഗും വർഗീയമായി ചിത്രീകരിച്ചതിനെ രേഖകളുടെ പിൻബലത്തിൽ വിവരിക്കുന്നുവെന്നതാണ് പ്രത്യേകത. ലീഗും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുമടക്കം മുസ്ലിം സമുദായ സംഘടനകളുടെ പിറവി, പ്രവർത്തനം ഇവയും പഠനവിധേയമാണ്. മുസ്ലിംസ്‌ത്രീകളുടെ മുന്നേറ്റം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി സാമൂഹ്യജീവിതത്തിലെ വിവിധമണ്ഡലങ്ങളിലെ ചലനങ്ങളും പരാമർശിക്കുന്നു.
ആർഎസ്‌എസുമായി ജമാഅത്തെ നടത്തിയ രഹസ്യചർച്ചകൾ, മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാൻ മുസ്ലിം തീവ്രവാദികൾ നടത്തിയ നീക്കങ്ങൾ ഇവയെല്ലാം രാഷ്‌ട്രീയ ചരിത്ര വിദ്യാർഥികൾക്ക് പുതിയ അറിവ് പകരും. 1948–-ൽ രൂപീകരണഘട്ടം മുതൽ ജമാഅത്തെ ഇസ്ലാമി കേരളത്തിൽ സ്വീകരിച്ച നിലപാടുകൾ കമ്യൂണിസ്‌റ്റ് വിരുദ്ധമായിരുന്നുവെന്നത് വസ്‌തുനിഷ്‌ഠമായി പ്രതിപാദിക്കുന്നുണ്ട് ‘രാഷ്‌ട്രീയ ഇസ്ലാം കേരളത്തിൽ’ എന്ന അധ്യായത്തിൽ. പതിമൂന്ന് അധ്യായങ്ങളിലായി 360 പേജുകളുണ്ട്. ഇസ്ലാമിനെ വർഗീയമായി കടന്നാക്രമിക്കുന്ന സംഘപരിവാര ശൈലി വ്യക്തമാക്കുന്നുണ്ടിതിൽ. ഇവയും സമയം ന്യൂനപക്ഷ രാഷ്‌ട്രീയത്തിലെ ചതിക്കുഴികൾ ശക്തമായി ഓർമ്മിപ്പിക്കുന്നുമുണ്ട്. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..