25 November Monday

കാൽച്ചിലമ്പിട്ട പെരുവണ്ണാൻ പെരുമ

ഗിരീഷ് വാകയാട്Updated: Friday Oct 25, 2024

നാരായണ പെരുവണ്ണാൻ

 

ബാലുശേരി
ആറുപതിറ്റാണ്ടിനോടടുത്ത പതിവ്‌ ആനവാതിൽ രാരോത്ത്‌ മീത്തൽ നാരായണ പെരുവണ്ണാൻ ഇത്തവണയും തെറ്റിച്ചില്ല. 85–-ാം വയസ്സിലും വ്യാഴാഴ്ച ചൂരക്കാട്ട്‌ അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകന്റെ വെള്ളാട്ട്‌ കെട്ടിയതിന്റെ നിർവൃതിയിലാണ്‌ അദ്ദേഹം. 
15–-ാം വയസ്സിലാണ്‌ നാരായണ പെരുവണ്ണാൻ തെയ്യച്ചമയമിട്ട്‌ ആദ്യമായി ആടിയത്‌. ഉത്സവകാലത്ത് തൊണ്ണൂറിലധികം ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും വെള്ളാട്ടവും കെട്ടിയാടും. അച്ഛന്റെ ശിക്ഷണത്തിലാണ് തെയ്യം പഠിച്ചത്. 2007ൽ സംസ്ഥാന ഫോക്‌ലോർ അവാർഡും 2018ൽ ഫോക്‌ലോർ ഫെലോഷിപ്പും ലഭിച്ചു. അമേരിക്ക, സിംഗപ്പുർ, ദുബായ്‌ എന്നിവിടങ്ങളിൽ തെയ്യവും തിറയും അവതരിപ്പിച്ചു. 
2016–-ൽ രാഷ്ട്രപതിഭവനിൽ തെയ്യം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഇന്ത്യ–--ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായാണ് രാഷ്ട്രപതിഭവനിൽ തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ അവതരിപ്പിച്ചത്. വിശിഷ്ടാതിഥികളായെത്തിയ 54 രാഷ്ട്രത്തലവന്മാർക്ക് മുന്നിൽ തെയ്യം അവതരിപ്പിക്കാനായത് അപൂർവ സൗഭാഗ്യമായി അദ്ദേഹം കരുതുന്നു.
മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. നിധീഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിലും മുഖത്തെഴുത്തിനും 2019ൽ ഫോക്‌ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങളായ രാഘവനും ചന്തുക്കുട്ടിയും തെയ്യം കലാകാരന്മാരായിരുന്നു. അവരുടെ മക്കളായ ശിവൻ, ഷിംജിത്ത്, രാഹുൽ, പത്മൻ എന്നിവരും ഈ രംഗത്ത് സജീവമായുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top