25 October Friday
അതിക്രമം തടയും, ദുരന്തമുഖത്ത്‌ രക്ഷകരാകും

ഇതാ ജെൻഡർ ബ്രിഗേഡ്‌

സ്വന്തം ലേഖികUpdated: Friday Oct 25, 2024

ജെൻഡർ ബ്രിഗേഡ്‌ രൂപീകരണത്തിന്റെ ഭാഗമായ പരിശീലനം പഞ്ചായത്ത്‌ 
പ്രസിഡന്റ്‌ പി ശാരുതി ഉദ്‌ഘാടനംചെയ്യുന്നു

 

 
കോഴിക്കോട്‌
രക്ഷാപ്രവർത്തനങ്ങളിൽനിന്ന്‌ മാറിനിൽക്കാൻ ഇനി സ്‌ത്രീകളെ കിട്ടില്ല. ആക്രമിക്കുന്നവനെ തിരിച്ചടിക്കാനും അടിയന്തര ഘട്ടങ്ങളിൽ  പ്രാഥമിക ചികിത്സനൽകാനും ദുരന്തമുഖത്ത്‌ രക്ഷകരാവാനും ഇനി സ്‌ത്രീകൾ നയിക്കുന്ന ജെൻഡർ ബ്രിഗേഡുണ്ടാവും. കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിത ജെൻഡർ ഹെൽപ് ഡസ്‌കും ഒളവണ്ണ മോഡൽ ജിആർസിയും സംയുക്തമായാണ്‌ സ്‌ത്രീകളുടെ ജെൻഡർ ബ്രിഗേഡ്‌ രൂപീകരിക്കുന്നത്‌.  
ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഓരോ വാർഡിലും 50 പേർക്ക്‌ പ്രാഥമിക രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സ്‌ത്രീകളെ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം. തുടർന്ന്‌ വാർഡിൽനിന്ന്‌ രണ്ടുപേരെ വീതം തെരഞ്ഞെടുത്ത്‌ പഞ്ചായത്ത്‌ തലത്തിൽ 50 അംഗങ്ങളുള്ള ജെൻഡർ  ബ്രിഗേഡ്‌ രൂപീകരിക്കും. 
സ്വയം പ്രതിരോധം, സിപിആർ നൽകുന്നവിധം, ശാരീരിക അതിക്രമം തടയൽ, കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്ത്‌ ചെയ്യണം, തീപിടിത്തം, വെള്ളപ്പൊക്കംപോലുള്ള  ദുരന്തമുഖങ്ങളിൽ നടത്തേണ്ട ഇടപെടൽ തുടങ്ങിയ കാര്യങ്ങളിലാണ്‌ ജെൻഡർ ബ്രിഗേഡിന്‌ വിദഗ്‌ധ പരിശീലനം  നൽകുക. 
സംസ്ഥാനത്ത്‌ എവിടെയും ആവശ്യം വന്നാൽ ജെൻഡർ ബ്രിഗേഡിന്റെ സേവനം നൽകും. ഇവർക്ക്‌ യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകും. സ്‌ത്രീകളുടെ കരുത്തുറ്റ സംഘമുണ്ടാക്കി സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാനാണ്‌ ഈ ഉദ്യമം. അടുത്തഘട്ടത്തിൽ ജില്ലയിലെ മറ്റ്‌ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. അഗ്നിരക്ഷാസേന, ട്രോമാ കെയർ, പൊലീസ്‌, എയ്‌ഞ്ചൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
ജെൻഡർ ബ്രിഗേഡ്‌ പരിശീലനം ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി ശാരുതി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സി കവിത പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ഉഷാദേവി അധ്യക്ഷയായി. ഐ രജുല, കെ രജിത, കെ ബി സ്‌മിത എന്നിവർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top