കുറ്റ്യാടി
കുന്നുമ്മൽ ബ്ലോക്കിലെ മലയോര പഞ്ചായത്തുകളായ മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മരുതോങ്കരയിലെ ജാനകിക്കാടും കാവിലുംപാറയിലെ പൂതംപാറ വ്യൂ പോയിന്റ്, പക്രംതളം, ചൂരണി, വട്ടിപ്പന, ചീരോത്തുകുളം, കുരുടൻകടവ്, ലഡാക്ക്, പട്ടിയാട്ട് റിവർ വ്യൂ, കായക്കൊടിയിലെ കൊരണമല, മുത്താച്ചിക്കോട്ട, പാലുകാച്ചിമല, പടവെട്ടിയാൻപാറ, കായക്കൊടി കൊളാട്ട എന്നിവയും നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കിമല, നാദാപുരം മുടി, മുടിക്കൽ പുഴയോരം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശങ്ങളാണ്. ഈ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കണമെന്നും ഇതിനായി നിക്ഷേപക സംഗമം സംഘടിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസം ത്വരിതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി കെ കെ സുരേഷും പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനനും ജില്ലാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയും മറുപടി പറഞ്ഞു. എ റഷീദ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, എം മെഹബൂബ്, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു. വൈകിട്ട് ചുവപ്പുസേനാ മാർച്ചും നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു. കൈവേലി എ കെ കണ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ കെ സുരേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, എ എം റഷീദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സുധീഷ് എടോനി സ്വാഗതം പറഞ്ഞു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ ‘പറന്നുയരാനൊരു ചിറക്’ നാടകം അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..