23 November Saturday

കേരള ഇബ്സന്റെ എഴുത്തും ജീവിതവും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 26, 2016


കോഴിക്കോട് > കേരള ഇബ്സന്‍ എന്നറിയപ്പെടുന്ന എന്‍ കൃഷ്ണപ്പിള്ളയുടെ എഴുത്തും ജീവിതവും ക്യാന്‍വാസിലാക്കി ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന എന്‍ കൃഷ്ണപ്പിള്ള ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം.
കൃഷ്ണപ്പിള്ളയുടെ നാടകകാലത്തെയും വ്യക്തിജീവിതത്തെയും പരിചയപ്പെടുത്തുന്ന അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നടന്‍ മധുവടക്കം പ്രമുഖര്‍’അരങ്ങിലെത്തിയ ഭഗ്നഭവനം എന്ന നാടകത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1992ല്‍ എടുത്ത ഫോട്ടോ, പ്രദര്‍ശനത്തില്‍ പ്രധാനപ്പെട്ടതാണ്. എന്‍ കൃഷ്ണപ്പിള്ളയുടെ അഴിമുഖത്തേക്ക്, കന്യക, ചെങ്കോലും മരവുരിയും, ബലാബലം തുടങ്ങിയ നാടകങ്ങളിലെ രംഗങ്ങളും ചിത്രങ്ങളിലുണ്ട്. കൃഷ്ണപ്പിള്ള ഫൌണ്ടേഷന്റെ പ്രമുഖര്‍ പങ്കെടുത്ത വിവിധ പരിപാടികളുടെ ചിത്രങ്ങളും കാണാം. ചൊവ്വാഴ്ച വരെയാണ് പ്രദര്‍ശനം.
പ്രദര്‍ശനം നാടകപ്രവര്‍ത്തകന്‍ വില്‍സണ്‍ സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ വി തോമസ്, എ രത്നാകരന്‍, അഡ്വ. എം രാജന്‍, ഇ പി ജ്യോതി, ബാലചന്ദ്രന്‍ പുതുക്കുടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, കെ നീന, സി പി അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.
ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ടൌണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി എം അബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ ഡോ. എല്‍ തോമസ്കുട്ടി, ഇ പി ജ്യോതി, ഡോ. എം എം ബഷീര്‍, ഡോ. കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ജന്മശതാബ്ദി സമ്മേളനം സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എന്‍ പ്രശാന്ത്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എന്‍ കൃഷ്ണപ്പിള്ള രചിച്ച ഭഗ്നഭവനം എന്ന നാടകവും അരങ്ങേറും. പ്രതിനിധിയായി പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9496003203.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top