27 December Friday
മിന്നൽച്ചുഴലി ആഞ്ഞടിച്ചു

63 കിലോമീറ്റർ 
വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

മിന്നൽച്ചുഴലിയിൽ നാരങ്ങാളി ഭഗവതി ക്ഷേത്രമുറ്റത്തെ കൂറ്റൻ ആൽമരം വീണ്‌ തകർന്ന നാരങ്ങാളി അഭിജിത്തിന്റെ വീട്

 കോഴിക്കോട്‌ 

വടക്കൻ ജില്ലകളിൽ കനത്തനാശം വിതച്ച മിന്നൽച്ചുഴലി ആഞ്ഞടിച്ചത്‌ 63 കിലോമീറ്റർ വേഗത്തിൽ. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിൽ ബുധൻ അർധരാത്രിയിലും വ്യാഴം പകലുമാണ്‌ ചുഴലിക്കാറ്റടിച്ചത്‌. കണ്ണൂർ പെരിങ്ങോം ഓട്ടോമാറ്റിക്‌ വെതർസ്‌റ്റേഷനിലാണ്‌ കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്‌–- മണിക്കൂറിൽ 63 കിലോമീറ്റർ. 
രാത്രി 12നാണ്‌ ഇവിടെ ചുഴലിക്കാറ്റുണ്ടായത്‌. കണ്ണൂർ വിമാനത്താവളത്തിൽ രാത്രി 12.30ന്‌ 60 കിലോമീറ്റർ വേഗമുള്ള ചുഴലിക്കാറ്റ്‌ രേഖപ്പെടുത്തി. കാസർകോട്‌ പാണത്തൂരിൽ രാത്രി 11.45ന്‌ 50 കിലോമീറ്റർ വേഗത്തിലും പടന്നക്കാട്‌ 45 കിലോമീറ്ററിലും കാറ്റടിച്ചു. 
 വ്യാഴം രാവിലെയും ഉച്ചതിരിഞ്ഞും കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ ശക്തമായ ചുഴലിക്കാറ്റുമുണ്ടായി. ആളപായമില്ലെങ്കിലും നൂറുകണക്കിന്‌ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നാശമുണ്ടായി. പലയിടത്തും കെട്ടിടങ്ങളുടെ മേൽക്കൂര പറന്നുപോയി. വൻമരങ്ങൾ ഉൾപ്പെടെ ചുഴറ്റിയെറിയപ്പെട്ടു. കോഴിക്കോട്‌ ജില്ലയിൽ 400ഓളം വൈദ്യുതി പോസ്‌റ്റുകൾ തകർന്നതായി കെഎസ്‌ഇബി അധികൃതർ അറിയിച്ചു. 
വൈദ്യുതി വിതരണശൃംഖലക്കാണ്‌ വൻനാശമുണ്ടായത്‌. നൂറുകണക്കിന്‌ ഇലക്‌ട്രിക്‌ പോസ്‌റ്റുകൾ മരംവീണും മറ്റും തകർന്നു. പലയിടത്തും മണിക്കൂറുകൾ പണിപ്പെട്ടാണ്‌ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്‌. ചുഴലിക്കാറ്റ്‌ അർധരാത്രിയിലായതിനാലാണ്‌ ജീവാപായം ഉണ്ടാകാതിരുന്നത്‌. റവന്യു വകുപ്പും കെഎസ്‌ഇബിയും നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. 
 പസഫിക്ക്‌ സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ്‌ മിന്നൽച്ചുഴലിയുടെ പ്രധാന കാരണമെന്നാണ്‌ വിലയിരുത്തൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top