22 November Friday
നൂറോളം വീടുകള്‍ തകര്‍ന്നു ഒരാള്‍ക്ക് പരിക്ക്

മിന്നല്‍ച്ചുഴലി; വിറച്ച് നാട്

സ്വന്തം ലേഖകൻUpdated: Friday Jul 26, 2024

മിന്നൽച്ചുഴലിയിൽ വാകയാട് റോഡിലെ കനാൽപ്പാലത്തിനു സമീപത്തെ പീടികയുടെ മുകളിലേക്ക് ആൽമരം കടപുഴകി വീണ നിലയിൽ

 
കോഴിക്കോട്
ജില്ലയുടെ വിവിധയിടങ്ങളിലുണ്ടായ മിന്നൽച്ചുഴലിയിൽ വൻനാശനഷ്ടം. വ്യാഴം പുലര്‍ച്ചെയോടെയാണ് കാറ്റ് ആഞ്ഞടിച്ചത്. ഉച്ചക്കും ശക്തമായ കാറ്റുണ്ടായി. നൂറോളം വീടുകൾ തകർന്നു. വൈദ്യുതി കമ്പികളും തൂണുകളും പൊട്ടിവീണു. നാദാപുരം, കുറ്റ്യാടി, മണിയൂർ, നടുവണ്ണൂർ, മാവൂർ, ചാത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മിന്നൽ ചുഴലി നാശംവിതച്ചു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. 
കോഴിക്കോട്‌ കോർപറേഷൻ പരിധിയിൽ മൈലാമ്പാടി, ഗോവിന്ദപുരം, മേത്തോട്ട്താഴം, ഭയങ്കാവ്, കോമ്മേരി, കുറ്റിയിൽതാഴം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. നാല് വീടുകൾ പൂർണമായും തകർന്നു. നാറങ്ങാളി ഭ​ഗവതി ക്ഷേത്രത്തിലെ ആൽമരം പൊട്ടിവീണ് ഓഫീസ് കെട്ടിടം തകർന്നു. ഭയങ്കാവ് ക്ഷേത്രത്തിലെ മരങ്ങളും കടപുഴകി. മേത്തോട്ട് താഴത്ത് വീടിന്റെ 450 കിലോ ഭാരമുള്ള ട്രസ് കാറ്റിൽ പറന്ന്‌ 250 മീറ്റർ അകലെ ഭയങ്കാവിലെ വീടിന് മുകളില്‍ പതിച്ചു.  
കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ മൂന്നാംകൈയില്‍ തെങ്ങുവീണ് വീട് തകർന്നു. ഒരാൾക്ക് പരിക്കേറ്റു. പുഴമൂലക്കൽ നാരായണന്റെ മകൾ സ്വപ്നയുടെ തലയ്ക്കാണ് പരിക്കേറ്റത്. വീട്ടിനുള്ളിൽ കിടന്നുറങ്ങുമ്പോൾ മേൽക്കൂര ദേഹത്ത്‌ പതിക്കുകയായിരുന്നു.
നാദാപുരത്ത് വിലങ്ങാട് മലയോരമേഖലയിലും എടച്ചേരിയിലുമാണ് നാശം. 20ഓളം വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. വളയത്ത് തിരുവങ്ങോത്ത് അയിശുവിന്റെ ഇരുനില വീട് തകർന്നു. എടച്ചേരി ആലശ്ശേരി കല്ലുപാറേമ്മൽ ബാലന്റെ വീടിന്റെ മേൽക്കൂര തകർന്നു. 300ലേറെ ഓട് പാറിപ്പോയി. കാക്കന്നൂർ ക്ഷേത്രത്തിന് കേടുപറ്റി. വിലങ്ങാട് കോഴി ഫാം തകർന്നു. വൻ കൃഷി നാശം ഉണ്ടായി. 
മണിയൂർ പഞ്ചായത്തിലെ പതിയാരക്കര, മുടപ്പിലാവിൽ പ്രദേശങ്ങളിലെ 3, 20, 21 വാർഡുകളിൽ വൻ നാശനഷ്‌ടം. വൈദ്യുതി ബന്ധം പൂർണമായി താറുമാറായി. മുടപ്പിലാവിൽ പൊയിലംകണ്ടി നാരായണന്റെ വീട്‌ തെങ്ങുവീണ് തകർന്നു. 10ലേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. പതിനഞ്ചോളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നിരവധി ഇലക്ട്രിക് ലൈനുകൾ മരങ്ങൾ വീണ്‌ പൊട്ടി. വാകയാട്ട് ഭാഗം, ഇട വാകയാട്ട് ഭാഗം, പൊയിലംകണ്ടി, മൊട്ടേമ്മൽ, ചൊവ്വപ്പാറ പരിസരം, മുടപ്പിലാവിൽ ഈസ്റ്റ് എന്നിവിടങ്ങളിലും തെങ്ങ്, തേക്ക് തുടങ്ങി നിരവധി മരങ്ങൾ മുറിഞ്ഞുവീണു.
ഓർക്കാട്ടേരി ശിവക്ഷേത്രത്തിന് മുന്നിലെ ആൽമരച്ചില്ലകൾ പൊട്ടിവീണ് ബൈക്കുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഓർക്കാട്ടേരി ഗവ. ഹോസ്പിറ്റലിന് സമീപം ഇലക്ട്രിക്‌ ലൈനിന്‌ മുകളിൽ മരം പൊട്ടിവീണ് കുന്നുമ്മക്കര റോഡിൽ ഗതാഗതം സ്തംഭിച്ചു. ഏറാമല ആദിയൂര് റേഷൻ ഷോപ്പിന് സമീപം തെങ്ങ് പൊട്ടി റോഡിലേക്ക് വീണു.
മടപ്പള്ളി അറക്കൽ ക്ഷേത്രം റോഡ്‌, പുഞ്ചിരിമിൽ കണാരൻ കണ്ടിറോഡ്‌ എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ മരം പൊട്ടിവീണ് വൈദ്യുതി മുടങ്ങി. നാദാപുരം റോഡിൽ പുന്നേരി ഭാഗത്ത് വൈദ്യുതി തൂണുകളും കമ്പികളും പൊട്ടി മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. നടുവണ്ണൂരില്‍ പുല്ലായികണ്ടി ഗണേശന്‍, മാനോല്‍ ഇബ്രാഹിം, അഖില്‍ വെള്ളയ്ക്കാംകണ്ടി എന്നിവരുടെ കടകള്‍ തകര്‍ന്നു.  വാകയാട് റോഡില്‍  കനാല്‍ പാലത്തിനടുത്ത് ഇന്‍ഡസ്ട്രിയല്‍ കടയുടെ മുകളിലേക്ക് ആൽമരം കടപുഴകി വീണു.  
മാവൂരിൽ 25 ഇടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു. 30ലേറെ ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. നിരവധി എച്ച്ടി പോസ്റ്റുകളും 10ലേറെ എൽടി പോസ്റ്റുകളും തകർന്നു. അപകട സ്ഥലങ്ങള്‍ ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും സന്ദര്‍ശിച്ചു. റവന്യു വകുപ്പും കെഎസ്‌ഇബി ഉൾപ്പെടെ നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top