പേരാമ്പ്ര
ട്രാക്കിലും റോഡിലും ദൂരങ്ങൾ താണ്ടണമെങ്കിൽ അഭിദേവിന് ഒരു പുതിയ സ്‌പോർട്‌സ് സൈക്കിൾ വേണം. ദേശീയ സൈക്കിളിങ് മത്സരത്തിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായി എസ് ആർ അഭിദേവ് കൃഷ്ണയ്‌ക്ക് നല്ലൊരു സൈക്കിളില്ലാത്തതിനാൽ കൈപ്പിടിയിൽനിന്ന് വഴുതിപ്പോയത് ഒത്തിരി സുവർണനേട്ടങ്ങൾ.
പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കൊട്ടപ്പുറത്തെ തയ്യുള്ളതിൽ മീത്തൽ രാമകൃഷ്ണന്റെയും സുനിതയുടെയും മകനായ അഭിദേവ് (15) തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. എട്ടാം ക്ലാസ് മുതൽ ചെമ്പഴന്തി സ്കൂളിനോട് ചേർന്നുള്ള സർക്കാർ സ്‌പോർട്‌സ് ഹോസ്‌റ്റലിൽ താമസിച്ചാണ് പഠനവും സൈക്കിളിങ് പരിശീലനവും തുടരുന്നത്. 2022, 2023 വർഷങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ ട്രാക്ക്, റോഡ് ഇനങ്ങളിൽ വെള്ളി മെഡൽ നേടി. 125 മൈക്രോ സെക്കൻഡിലാണ് സ്വർണമെഡൽ നഷ്ടമായത്. 2022ൽ ഗുവാഹത്തിയിലും 2023ൽ ബീജാപ്പൂരിലും നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പിൽ സൈക്കിളിന്റെ ചെയിൻ തകരാറായതിനാലാണ് വെങ്കല മെഡൽ നഷ്ടമായത്. നാലുവർഷമായി ആർ അനൂപിന്റെ കീഴിലാണ് പരിശീലനം.
സൈക്കിളിങ്ങിൽ അഭിദേവിന്റെ മിടുക്ക് കണ്ടറിഞ്ഞ അധികൃതർ അന്താരാഷ്ട്ര പരിശീലകൻ ചന്ദ്രന്റെ സേവനം കൂടി ഉറപ്പാക്കിയിട്ടുണ്ട്. സെപ്തംബർ 20,
21 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് ലക്ഷ്യമാക്കി കഠിന പരിശീലനത്തിലാണ്. ദിവസവും 100 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയാണ് പരിശീലനം. ഓഫ് റോഡ് മത്സരത്തിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ദേശീയ ചാമ്പ്യൻപട്ടം കൊതിക്കുമ്പോഴും സ്വന്തമായി നല്ലൊരു സ്പോർട്സ് സൈക്കിൾ ഇല്ലാത്തതാണ് അഭിദേവിനെ പ്രതിസന്ധിയിലാക്കുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിനെത്തുന്ന മറ്റു മത്സരാർഥികൾ അഞ്ചുലക്ഷത്തിലേറെ രൂപ വിലവരുന്ന സൈക്കിളുമായെത്തുമ്പോൾ 1.25 ലക്ഷം രൂപയുള്ള പഴയ സൈക്കിളിലാണ് അഭിദേവിന്റെ പ്രകടനം. നിർമാണ തൊഴിലാളിയായ അച്ഛന് ലക്ഷങ്ങൾ മുടക്കി സൈക്കിൾ വാങ്ങി നൽകാൻ ശേഷിയില്ലാത്തതിനാൽ സ്പോൺസറെ തേടുകയാണ് താരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..