വടകര
വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ സാംസ്കാരിക ചത്വരം മിഴിതുറക്കുന്നു. വടകരയുടെ ഹൃദയഭാഗത്ത് അതിഥി മന്ദിരത്തിനുസമീപം പഴയ ബിഎഡ് സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് സാംസ്കാരിക ചത്വരം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ --ഓപ്പറേറ്റീവ് സൊസൈറ്റി ഡിപിആർ തയ്യാറാക്കി പ്രവൃത്തി ഏറ്റെടുത്ത പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നു.
നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം യാഥാർഥ്യമാക്കുന്നത്. ഓണത്തിനുമുമ്പായി സാംസ്കാരിക ചത്വരം നാടിന് സമർപ്പിക്കുമെന്ന് ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു. തുറന്ന വേദി, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയുടെ നിർമാണം പൂർത്തിയായി വരുന്നു. വടകരയിൽ സാംസ്കാരിക പരിപാടികൾക്ക് ഇടമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാവും.
തുറന്ന വേദിക്ക് മുന്നിലും ഇരുവശങ്ങളിലുമായി 250 ലേറെ പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ചത്വരത്തിന്റെ നിർമാണം. സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..