കോഴിക്കോട്
ജെയിൽ റോഡിൽ അക്ഷയ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കോടിയോളം രൂപയുടെ നഷ്‌ടം. ശനി അർധരാത്രി പന്ത്രണ്ടോടെയുണ്ടായ തീപിടിത്തത്തിൽ ഒരുകോടിയിലേറെ രൂപയുടെ മരുന്നുകൾ നശിച്ചു. ആറ് കംപ്യൂട്ടർ, ഫർണിച്ചർ, ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയും പൂർണമായും കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് അഗ്നിരക്ഷാസേന തീയണച്ചത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഗോഡൗൺ. പുക ഉയരുന്നതുകണ്ട സമീപവാസികളാണ് ആളുകളെ വിളിച്ചുകൂട്ടിയത്. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത സ്റ്റേഷനുകളിൽനിന്നുള്ള യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
തീപിടിത്തമുണ്ടാകുമ്പോൾ ആരും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പക്ടറേറ്റ് ഉദ്യോഗസ്ഥരും കെട്ടിടം പരിശോധിച്ചു. കൊയിലാണ്ടി സ്വദേശി കെ പി അബ്ദുള്ളയുടെയും ടി ബീരാൻകുട്ടിയുടെയുമാണ് സ്ഥാപനം. വിവിധ ജില്ലകളിൽ വിതരണംചെയ്യാനുള്ള മരുന്നുകളാണ് ഗോഡൗണിലുണ്ടായതെന്നും ഇവ പൂർണമായും നശിച്ചെന്നും അബ്ദുള്ള പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..