നാദാപുരം
കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ ഗതാഗതം മുടങ്ങിയിട്ട് മൂന്നുമാസം. നാദാപുരം പഞ്ചായത്തിന്റെ അനാസ്ഥയിൽ നാട്ടുകാരുടെ യാത്ര ദുരിതത്തിലായി. മൗവ്വഞ്ചേരി പള്ളിക്ക് സമീപത്തെ റോഡിനടിയിൽ മഴവെള്ളം പോകാനിട്ടിരുന്ന പൈപ്പിൽ മണ്ണും ചെളിയും നിറഞ്ഞ് വെള്ളക്കെട്ട് ഉണ്ടായതിനാലാണ് റോഡ് ജെസിബി ഉപയോഗിച്ച് പഞ്ചായത്ത് പൊളിച്ചുനീക്കിയത്. അതുവരെ വളയം ഭാഗത്തേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോയിക്കൊണ്ടിരുന്നത്. റോഡ് പൊളിച്ചുനീക്കുമ്പോൾ ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി കലുങ്ക് പണിത് ഗതാഗതയോഗ്യമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ദീർഘവീക്ഷണമില്ലാതെ ധൃതിപിടിച്ച് പഞ്ചായത്ത് എടുത്ത നടപടിയാണ് പ്രശ്നം വഷളാക്കിയതെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
പൊളിച്ചുനീക്കിയ റോഡ് പുനർനിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടി സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് അസി. എൻജിനിയർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..