27 December Friday
ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്ക് ഒരുലക്ഷം അവസരം

വരൂ, തൊഴില്‍ നേടാം

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024

 

കോഴിക്കോട്
തൊഴിൽ തേടുന്നയാളാണോ നിങ്ങൾ? ഏത് മേഖലയിലാണ് നിങ്ങളുടെ അഭിരുചി? സംശയങ്ങൾ തീർത്ത് നിങ്ങൾക്ക് അനുസൃതമായ തൊഴിൽ കണ്ടെത്താൻ സഹായമൊരുക്കുകയാണ് സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് മിഷനും. ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്കായി സംസ്ഥാനമൊട്ടാകെ ‘സമന്വയം' പദ്ധതി നടപ്പാക്കി ഒരുലക്ഷം തൊഴിലവസരമാണ് ഒരുക്കുന്നത്. 
 ‘സമന്വയം’ ജില്ലാമേളയും ഉദ്ഘാടനവും 30ന് കോഴിക്കോട്‌ പ്രൊവി‍ഡൻസ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ബീന ഫിലിപ്പ് നിർവഹിക്കും. രജിസ്ട്രേഷൻ, ഉദ്ഘാടനം, ഓറിയന്റേഷൻ ക്ലാസ് എന്നിവ ആദ്യദിനത്തിൽ നടക്കും. ഇരുപതിനായിരത്തോളം അവസരങ്ങളാണ് ജില്ലയില്‍ ലക്ഷ്യമിടുന്നത്.
മേളയിലെത്തുന്ന എല്ലാവരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കും. നോളജ് മിഷന്റെ സിഡിഡബ്ല്യുഎം സംവിധാനത്തിലും രജിസ്റ്റർചെയ്യും. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നവരെ ചേർത്ത് വാട്‌സ്‌ ആപ്‌ ​ഗ്രൂപ്പുണ്ടാക്കി വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമൊരുക്കും. അഭിമുഖ തീയതിയും ജോലിയുടെ സ്വഭാവവും   ഉൾപ്പെടെ ​ഗ്രൂപ്പുകളിൽ അറിയിക്കും.  
താൽപ്പര്യത്തിനും അഭിരുചിക്കുമിണങ്ങുന്ന ജോലി ലഭിച്ചാൽ വാട്‌സ്‌ ആപ്‌ ​ഗ്രൂപ്പിൽനിന്ന് ഒഴിവാകുന്ന രീതിയിലാണ് ജില്ലയിൽ പ്രവർത്തനം ക്രമീകരിച്ചത്. ജില്ലാ ക്യാമ്പിന്റെ പ്രതികരണമനുസരിച്ച് പ്രാദേശിക തലത്തിലും ക്യാമ്പുകൾ സംഘടിപ്പിക്കും. 
എന്താണ് ‘സമന്വയം' 
ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വൈജ്ഞാനിക/തൊഴിൽ പരിചയവും നൈപുണി പരിശീലനവും നൽകുക, യോഗ്യതക്കനുസൃതമായ ജോലി കണ്ടെത്താൻ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളിലെയും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ പദ്ധതി ഗുണഭോക്താക്കളാകും. പ്ലസ്ടു പൂർത്തിയാക്കിയ 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭ്യസ്തവിദ്യർക്ക്‌ സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  തൊഴിൽ രജി‌സ്ട്രേഷൻ ക്യാമ്പ് ‘സമന്വയം' സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top