കോഴിക്കോട്
ലഹരി ഉപയോഗത്തിനും വിൽപ്പനയ്‌ക്കുമെതിരെ കോഴിക്കോട് സിറ്റി പൊലീസും സോഷ്യൽ പൊലീസിങ് ഡിവിഷനും ചേർന്ന് നടത്തുന്ന നോ നെവർ ക്യാമ്പയിന് തുടക്കം. ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, അഡീഷണൽ എസ് പി അബ്ദുൽ വഹാബ്, അസി. കമീഷണർമാരായ ടി കെ അഷ്‌റഫ്, എ ഉമേഷ്, എ എം സിദ്ദിഖ്, കെ ഇ ബോസ്, കെ കെ വിനോദൻ, വി സുരേഷ്, കെ എ സുരേഷ്ബാബു, വാർഡ് കൗൺസിലർ റംലത്ത് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ ബാൻഡ് മേളവും ഫ്ലാഷ്‌മോബും ഉണ്ടായി.
കൗമാരപ്രായത്തിലുള്ളവരിലേക്ക് ലഹരി വിരുദ്ധ സന്ദേശമെത്തിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യം. വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിലും ബോധവൽക്കരണം ശക്തമാക്കും. വിദ്യാലയങ്ങൾ, സമൂഹമാധ്യമം, പത്രമാധ്യമങ്ങൾ, എഫ് എം റേഡിയോ എന്നിവയിലൂടെയുള്ള പ്രചാരണം, നാടകം, സ്‌കിറ്റ്, നൃത്തരൂപങ്ങൾ, രചനാമത്സരം, മാരത്തൺ, ക്വിസ്, കലാ കായിക മത്സരം എന്നിവയിലൂടെ ലഹരിവിരുദ്ധ സന്ദേശമെത്തിക്കും. നർക്കോട്ടിക് സെൽ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജനമൈത്രി വിങ്, സോഷ്യൽ പൊലീസിങ് ഡിവിഷൻ തുടങ്ങി പൊലീസിന്റെ മുഴുവൻ വിഭാഗങ്ങളും ക്യാമ്പയിന്റെ ഭാഗമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..